X

ഖത്തറും റഷ്യയും സൈനിക, ഊര്‍ജ, നിക്ഷേപ സഹകരണം ശക്തമാക്കും

 

ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം കൈക്കൊണ്ടത്്. നിരവധി കരാറുകളില്‍ ഇരുവരും ഒപ്പുവെച്ചു.
പ്രതിരോധം, ഊര്‍ജം, സാമ്പത്തികം, നിക്ഷേപം, വ്യാപാര കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഫുട്‌ബോള്‍ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൈമാറുന്നതിനും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഈ വര്‍ഷം റഷ്യയാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 2022ല്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് റഷ്യയില്‍ നിന്ന് സംഘാടന വിദഗ്‌ധോപദേശം ലഭിക്കുന്നത് വലിയ സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അമീര്‍ മോസ്‌കോയിലെത്തിയത്. റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായും മറ്റു പ്രമുഖരുമായും അമീര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പുടിനുമായുള്ള അമീറിന്റെ കൂടിക്കാഴ്ച വലിയ പ്രധാന്യത്തോടെയാണ് ലോകവും മേഖലയും ഉറ്റുനോക്കുന്നത്. ആഗോള തലത്തിലും മേഖലാതലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളും അമീറും പുടിനും ചര്‍ച്ച ചെയ്തു. മോസ്‌കോയിലെ പ്രസിഡണ്ടിന്റെ കൊട്ടാരമായ ക്രെംലിന്‍ പാലസിലാണ് അമീറും പുടിനും ചര്‍ച്ച നടത്തിയത്. ഇതിനു മുമ്പ് 2016ലാണ് അമീര്‍ മോസ്‌കോ സന്ദര്‍ശിച്ചത്. ആ സന്ദര്‍ശനത്തിനിടെയുണ്ടായ തീരുമാനങ്ങളും കരാറുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്്താണ് നേതാക്കള്‍ തിങ്കാളാഴ്ച നടന്ന കുടിയാലോചനക്ക് തുടക്കം കുറിച്ചത്. ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധത്തിന് 2018ല്‍ 30 വര്‍ഷം തികയുകയാണെന്നും ഇക്കാലയളവില്‍ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ മേഖലയിലേക്ക് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയണമെന്നും പുടിന്‍ പറഞ്ഞു.
ഖത്തറും റഷ്യയും ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ മികച്ച കൂട്ടാളിയാണ് റഷ്യയെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ റഷ്യ സംയുക്ത സാംസ്‌കാരിക വര്‍ഷം ആഘോഷിക്കുന്നതിനാല്‍ തന്നെ ഈ വര്‍ഷം റഷ്യയ്ക്കും ഖത്തറിനും വളരെ പ്രധാനപ്പെട്ടതാണ്.
അറബ് മേഖലയുമായി റഷ്യക്ക് ചരിത്രപരമായ പങ്കുണ്ട്. അതിനാല്‍ തന്നെ നിലവിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റഷ്യക്ക് കഴിയുമെന്നും അമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യയിലെ കെമിറോവോ മാളില്‍ ഉണ്ടായാ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ മിരിച്ചതില്‍ അമീര്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് സുഖപ്പെടട്ടേ എന്ന് അദ്ദേഹം പറഞ്ഞു.
അമീറും പുടിനുമായുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിങ്കാളാഴ്ച തന്നെ അമീര്‍ മോസ്‌കോയില്‍ നിന്നും തിരിച്ചു.

chandrika: