X
    Categories: main stories

രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതിന് പിന്നാലെ പാഠ്യപദ്ധതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇന്ത്യയുടെ പുതിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠ്യപദ്ധതി ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ അദ്ധ്യയന മാധ്യമമായി മാതൃഭാഷ ഉപയോഗിക്കും എന്നതിന് ശക്തമായി ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാഷ ഒരു പഠന രീതി മാത്രമാണെന്നും അതില്‍ത്തന്നെ ഒരു പഠനമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയം പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഭാഷ പഠിക്കാനായി ചിലവഴിക്കരുതെന്ന് നാം കാണേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളോടോ സംസ്ഥാനങ്ങളോടോ ആലോചിക്കാതെയാണ് സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ കേന്ദ്രസര്‍ക്കാര്‍ പുതിയ പാഠ്യപദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതിലെ സംഘപരിവാര്‍ അജണ്ടകള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ വലുതാണ്. ആര്‍എസ്എസ് ബൗദ്ധിക വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്ന പാഠ്യപദ്ധതി എത്രത്തോളം മതേതരമാവുമെന്ന് ആശങ്കയുണ്ടെന്നാണ് വിദ്യാഭ്യാസ ചിന്തകര്‍ പറയുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: