X

യുകെയിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും

ഡല്‍ഹി: യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മൂന്നു പേര്‍ ബെംഗളൂരുവിലും രണ്ടു പേര്‍ ഹൈദരാബാദിലും ഒരാള്‍ പുണെയിലുമാണ്. ബെംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി, പുണെ എന്‍ഐവി ലാബുകളിലെ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്.

നവംബര്‍ 25നുശേഷം യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവന്‍ പേരുടെയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കിയിരുന്നു. ഇതില്‍ 6 പേര്‍ക്കാണ് യുകെയില്‍ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തില്‍നിന്ന് കോവിഡ് പിടിപെട്ടത്.

ഇവരെ പ്രത്യേക ഐസലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്.
മറ്റ് 14 രാജ്യങ്ങളില്‍ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും.

 

Test User: