X
    Categories: indiaNews

ലോക്ഡൗണ്‍ വീണ്ടും വരുമോ?; കോവിഡ് രോഗവ്യാപനം ഉയരുന്നതില്‍ ആശങ്ക

ഡല്‍ഹി : രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നതില്‍ ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗബാധ ഏതാണ്ട് നിയന്ത്രണവിധേയമായി എന്ന വിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ കോവിഡ് രോഗബാധ വീണ്ടും രൂക്ഷമാകുകയും ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ അതീവഗുരുതരമായ അവസ്ഥയാകും നേരിടേണ്ടി വരികയെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി മഹാരാഷ്ട്ര സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പല ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ദേശവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി.

 

Test User: