യുകെയില്‍ പടരുന്ന കൊറോണയുടെ ഈ വകഭേദം എല്ലാ രാജ്യങ്ങളെയും ഉത്കണ്ഠയില്‍ ആഴ്ത്തിയിരിക്കുകയാണ്. സാര്‍സ് കോവ് 2 വൈറസിന്റെ ഈ പുതിയ വകഭേദത്തിന് 56 ശതമാനം അധികം രോഗവ്യാപന ശേഷിയുണ്ടെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. കൂടുതല്‍ പേരെ ആശുപത്രിയിലാക്കാനും 2021ല്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കാനും പുതിയ വകഭേദത്തിനാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
നവംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കോവിഡിന്റെ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് യുകെയിലെയും പരിസര പ്രദേശങ്ങളിലെയും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു.
VUI 202012/01 എന്ന് പേരുള്ള ഈ പുതിയ വകഭേദത്തില്‍ വൈറസിന്റെ മുനകള്‍ പോലുള്ള സ്‌പൈക് പ്രോട്ടീനിലാണ് പ്രധാനമായും വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ഇത് രോഗം വളരെ എളുപ്പം പടരാനും മാരകമാക്കാനും കാരണമാകുന്നു. സ്‌പൈക് പ്രോട്ടീനിലേത് ഉള്‍പ്പെടെ 17 ജനിതക പരിവര്‍ത്തനങ്ങളാണ് പുതിയ വകഭേദത്തിലുള്ളത്. ഈ പുതിയ വകഭേദം കുട്ടികളെ എളുപ്പം പിടികൂടാനും സാധ്യത കല്‍പിക്കുന്നു.
വാക്‌സീന്‍ വിതരണം ആരംഭിച്ചതോടു കൂടി ആശ്വാസ നെടുവീര്‍പ്പുകള്‍ വിട്ട ലോകത്തിന് വിശ്രമിക്കാന്‍ നേരമായിട്ടില്ലെന്ന ഓര്‍മപ്പെടുത്തലാകുകയാണ് മാരകമായ പുതിയ വകഭേദം.