ലണ്ടന്‍: അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ലണ്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുമായി ലോകരാജ്യങ്ങള്‍. വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൗദി അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. സ്ഥിതിഗതികള്‍ വഷളായാല്‍ യാത്രാവിലക്ക് നീട്ടാനും സാധ്യതയുണ്ട്.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളും യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. ഇറ്റലിയിലും നെതര്‍ലന്‍ഡ്‌സിലും പുതിയ വൈറസിന്റെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സിലും ജര്‍മനിയിലും ജനുവരി ഒന്ന് വരെ പുതിയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
നിലവില്‍ അംഗീകാരം നല്‍കിയ വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.