സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഒഴിയുകയാണെന്ന് ഇലോണ്‍ മസ്‌ക്. ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളുമായി പങ്കുവെച്ചത്. കമ്പനിക്ക് പുതിയ സി.ഇ.ഒയെ തിരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പുതിയ സി.ഇ.ഒയുടെ പേര് മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്‌സലിലെ പരസ്യ സെയില്‍സ് എക്‌സിക്യൂട്ടീവായ ലിന്‍ഡ യാക്കറിനോയെയാണ് കമ്പനിയെ നയിക്കാന്‍ മസ്‌ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിലേക്ക് പുതിയൊരു മേധാവിയെ കണ്ടെത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഈ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ താന്‍ സി.ഇ.ഒ സ്ഥാനം രാജിവയ്ക്കുമെന്നും മസ്‌ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന ഒരു പരസ്യ കോണ്‍ഫറന്‍സില്‍ പരസ്യ വ്യവസായ പ്രമുഖയായ യാക്കറിനോയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബറില്‍ 44 ബില്യന്‍ യുഎസ് ഡോളര്‍ മുടക്കി ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെയാണ് മസ്‌ക് സി.ഇ.ഒ സ്ഥാനത്തെത്തിയത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200-ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്. കൂട്ടപിരിച്ചുവിടലുകള്‍ക്കു പുറമെ മസ്‌കിന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബ്ലൂ, ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കലും ട്വിറ്ററിന്റെ നീല പക്ഷി ലോഗോ മാറ്റി ഡോഗ് മീം കൊണ്ടുവന്നതടക്കം പരിഷ്‌ക്കാരങ്ങളാണ് മസ്‌ക് നടപ്പാക്കിയത്.