ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. 82 പേരുടെ പട്ടികയില്‍ നിന്ന് 33 പേരുടെ ചുരുക്കപട്ടികയാണ് തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശ് ഡി.ജി.പി ആര്‍.കെ ശുക്ലക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ശുക്ലയെ കൂടാതെ സി.ആര്‍.പി.എഫ് ഡി.ജി ആര്‍.ആര്‍ ഭട്ട്‌നഗര്‍, സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡി.ജി ജാവേദ് അഹമ്മദ്, പൊലീസ് റിസര്‍ച്ച് ബ്യൂറോ ഡി.ജി.എ എ.പി മഹേശ്വരി എന്നിവരുടെ പേരുകളും ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
വൈകിട്ട് ആറിനു ചേരുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും പങ്കെടുക്കും.
വിവാദങ്ങളെത്തുടര്‍ന്ന് സി.ബി.ഐയില്‍ നിന്നും മാറ്റിയ രാകേഷ് അസ്താനയുടെ പേര് പട്ടികയിലുണ്ടെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനിടയില്ല.
പുതിയ സിബിഐ ഡയറക്ടറെ ഇന്ന് തെരഞ്ഞെടുത്തേക്കും; ആര്‍.കെ ശുക്ലക്കു സാധ്യത
Related Post