X
    Categories: Video Stories

ന്യൂകാസില്‍ ക്ലബ്ബ്‌ വില്‍പനക്ക്; ആരാധകര്‍ക്ക് സന്തോഷം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡ് വില്‍പ്പനക്ക്. ക്ലബ്ബുടമ മൈക്ക് ആഷ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ‘മാഗ്പീസ്’ ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. വിജകരമായ ഭാവിക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം ക്ലബ്ബിന് ആവശ്യമാണെന്നും ക്രിസ്മസിനു മുമ്പ് പുതിയ മാനേജ്‌മെന്റിന് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്ക് ആഷ്‌ലി പറഞ്ഞു.

2007-ല്‍ 134.4 ദശലക്ഷം പൗണ്ടിന് ക്ലബ്ബ് ഏറ്റെടുത്ത മൈക്ക് ആഷ്‌ലിക്ക് കീഴില്‍ ന്യൂകാസിലിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2008-ല്‍ ക്ലബ്ബിനെ വില്‍പ്പനക്കു വെച്ചെങ്കിലും കച്ചവടം നടന്നില്ല. 2009 മെയിലും ഇത് ആവര്‍ത്തിച്ചു. ക്ലബ്ബ് ഏറ്റെടുത്തത് അബദ്ധമായെന്നും താന്‍ ഖേദിക്കുന്നതായും കഴിഞ്ഞ വര്‍ഷം ആഷ്‌ലി പറഞ്ഞിരുന്നു.

ഫിനാന്‍സ് രംഗത്തെ പ്രമുഖയായ അമാന്‍ഡ സ്റ്റാവ്‌ലിയാവും ന്യൂകാസിലിന്റെ പുതിയ ഉടമയെന്ന് സൂചനയുണ്ട്. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെതിരായ മത്സരം വീക്ഷിക്കാന്‍ 44-കാരിയായ അമാന്‍ഡ എത്തിയിരുന്നു.

മാനേജ്‌മെന്റ് മാറ്റം ന്യൂകാസില്‍ ആരാധകരെയും കോച്ച് റാഫേല്‍ ബെനിറ്റസിനെയും ഏറെ സന്തോഷിപ്പിക്കും. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ടീമിനെ പ്രീമിയര്‍ ലീഗിലെത്തിക്കുകയും പുതിയ സീസണില്‍ മികച്ച തുടക്കം നല്‍കുകയും ചെയ്ത ബെനിറ്റസ് ആരാധകര്‍ക്ക് പ്രിയങ്കരനാണ്. എന്നാല്‍ കോച്ചും ആഷ്‌ലിയും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല.

വില്‍പ്പന സംബന്ധിച്ച് വാര്‍ത്തയോട് ക്ലബ്ബിന്റെ ഇതിഹാസ താരം അലന്‍ ഷിയറര്‍ ട്വിറ്ററില്‍ നടത്തിയ പ്രതികരണം ആരാധകരുടെ മനോഭാവത്തെ പ്രതിനിധീകരിക്കുന്നതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: