X

കെ.സുരേന്ദ്രനെതിരെ പുതിയ കേസ്; 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തി

പത്തനംത്തിട്ട: ശബരിമല കേസില്‍ കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പുതിയ കേസ്. ചിത്തിര ആട്ടപൂജക്കായി ശബരിമല നട തുറന്നപ്പോള്‍ 52 കാരിയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തത്.

തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. ജാമ്യമില്ലാ വകുപ്പായ 120(ബി) ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ പ്രതിയായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

പൊലീസ് നിയന്ത്രണം മറികടന്ന് നിലയ്ക്കലില്‍ എത്തിയതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെയാണ് ഉപാധികളോടെ പത്തനംത്തിട്ട കോടതി ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്ക് ശബരിമലയില്‍ പോവരുതെന്നും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.

ശനിയാഴ്ച നിലയ്ക്കലില്‍ അറസ്്റ്റിലായ കെ.സുരേന്ദ്രന്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്റിലായിരുന്നു. ഇതിനിടെ തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

chandrika: