X

ബസ്ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് യാത്രാനിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മിനിമം ചാര്‍ജിലും, കിലോമീറ്റര്‍ നിരക്കിലും സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല. എന്നാല്‍ രണ്ടാം സ്ലാബ് ഒഴികെയുള്ളവയില്‍ 25 ശതമാനം വര്‍ധനയുണ്ട്. ജന്റം ലോഫ്‌ളോര്‍ എ.സി, നോണ്‍ എ.സി, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ നിരക്കിലും വര്‍ധനവുണ്ട്. നിരക്ക് വര്‍ധനവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ദിവസം 23 ലക്ഷത്തോളം രൂപയുടെ അധിക വരുമാനമുണ്ടാകും.

ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് ബസുകളിലെ മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ടുരൂപയാവും. ഫാസ്റ്റ് പാസഞ്ചറിന്റേത് പത്തില്‍ നിന്ന് 11 രൂപയായും, സൂപ്പര്‍ ഫാസ്റ്റുകളുടേത് 13ല്‍ നിന്നും 15 ആയും, സൂപ്പര്‍ എക്‌സ്പ്രസുകളുടെ മിനിമം നിരക്ക് 20ല്‍ നിന്ന് 22 ആയും വര്‍ധിക്കും. സൂപ്പര്‍ ഡീലക്‌സ്/ സെമി സ്ലീപ്പര്‍ ബസുകളില്‍ 28ല്‍ നിന്ന് 30 രൂപയാവും. ഹൈടെക്/ എ.സി ലക്ഷ്വറി ബസുകളിലെ മിനിമം നിരക്ക് 40ല്‍ നിന്നും 44 ആയും വോള്‍വോയിലേത് 40ല്‍ നിന്നും 45 ആയും വര്‍ധിച്ചിട്ടുണ്ട്.

ഓര്‍ഡിനറി, സിറ്റി ബസിന് കിലോമീറ്റര്‍ നിരക്ക് 64 പൈസ 70 പൈസയായും സിറ്റി ഫാസ്റ്റിന് 68 പൈസയില്‍ നിന്നും 75 പൈസയായും ഫാസ്റ്റ് പാസഞ്ചറിന് 68 പൈസയില്‍ നിന്നും 75 പൈസയായും സൂപ്പര്‍ ഫാസ്റ്റിന് 72 പൈസയില്‍ നിന്നും 78 പൈസയായും സൂപ്പര്‍ എക്സ്പ്രസിന് 77 പൈസയില്‍ നിന്നും 85 പൈസയായും സൂപ്പര്‍ ഡിലക്‌സ്, സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 90 പൈസയില്‍ നിന്നും ഒരു രൂപയായും ലക്ഷ്വറി ബസിന് കിലോമിറ്ററിന് 1 രൂപ 10 പൈസയില്‍ നിന്നും 1 രൂപ 20 പൈസയായും വോള്‍വോ ബസിന് കിലോമീറ്ററിന് 1 രൂപ 30 പൈസയില്‍ നിന്നും 1 രൂപ 45 പൈസയായുമായാണ്‌നിരക്ക് വര്‍ധന. ജന്റം ലോഫ്‌ളോര്‍ നോണ്‍ എ.സി ബസുകളുടെ മിനിമം നിരക്കു 10 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 80 ആകും. മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ലോഫ്‌ളോര്‍ എ.സി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആകും. 15 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും.

ഇത്തരം ബസുകളുടെ കിലോമീറ്റര്‍ നിരക്കില്‍ വര്‍ധനയില്ല. 1.50 രൂപയാണു കിലോമീറ്റര്‍ നിരക്ക്. സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇന്‍ഷുറന്‍സ് സെസ് എന്ന പേരില്‍ 15 രൂപക്ക് ഒരു രൂപ മുതല്‍ 100 രൂപക്ക് 10 രൂപവരെ അധികതുക നല്‍കണം. ഇതു കൂടിയാവുമ്പോള്‍ ദീര്‍ഘദൂര യാത്രക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 10 രൂപ സ്വകാര്യ ബസുകളെക്കാള്‍ അധികം നല്‍കേണ്ടിയും വരും.

chandrika: