അങ്കാറ: കുടിയേറ്റ ജനതയുടെ പുതുതലമുറയുടെ വളര്‍ച്ചയുടെ മണ്ണാകുകയാണ് തുര്‍ക്കി. സിറിയയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ നിന്നു തുര്‍ക്കിയിലെ മണ്ണില്‍ പിറന്നു വീണത് 170000 കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സിറിയയില്‍ നിന്നു തുര്‍ക്കിയിലേക്കു കുടിയേറിയവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. തുര്‍ക്കിയില്‍ പിറന്നു വീണ നവജാത ശിശുക്കള്‍ക്ക് വേണ്ട പരിചരണം തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും കൗമാരക്കാര്‍ക്കും തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ എമേര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി പോഷകാഹാര കിറ്റുകളും സമ്പൂര്‍ണ ഭക്ഷണവും നല്‍കി വരുന്നു. തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്.
സിറിയയില്‍ നിന്നു മൂന്നു മില്യണ്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയില്‍ കഴിയുന്നത്. കൂടാതെ സിറിയന്‍ കുട്ടികള്‍ക്ക് തുര്‍ക്കിയില്‍ മികച്ച പഠന സൗകര്യവും നല്‍കുന്നുണ്ട്. 82000 കുട്ടികളാണ് സ്‌കൂളില്‍ പോകുന്നത്. തുര്‍ക്കിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 310000 കുട്ടികള്‍ നേഴ്‌സറി -ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്നു. കൗമാരക്കായ 115000 പേര്‍ ജോലിക്കായി നൈപുണ്യ വികസന ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രഫഷണല്‍ കോഴ്‌സ് പഠിക്കുന്നവരുമുണ്ട്. കൂടാതെ കുടിയേറ്റക്കാരായ സിറിയന്‍ സ്ത്രീകളും സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ പേര്‍ പ്രാദേശിക ഭരണത്തില്‍ പങ്കാളികളായി. കൂടാതെ കുടിയേറ്റ ക്യാമ്പുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ക്യാമ്പുകളില്‍ ഡിസാസ്റ്റര്‍ എമേര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി ശിശുവിവാഹങ്ങള്‍ക്കെതിരെയും ബഹുഭാര്യത്വത്തിനെതിരെയും ബോധവല്‍ക്കരണം നടത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന രാജ്യമാണ് തുര്‍ക്കിയെന്ന് യുഎന്‍ അഭയാര്‍ത്ഥി സംഘടന വ്യക്തമാക്കി. കുട്ടികളുടെ എണ്ണത്തിലും ക്യാമ്പ് ഏറെ മുന്നിലാണ്.