ബാര്‍സിലോണ: ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെല്ലാം ഇനി പുതിയ കുപ്പായത്തില്‍. 2017-18 സീസണിലെ പുതിയ ജഴ്‌സി ഇന്നലെ ബാര്‍സ അവതരിപ്പിച്ചപ്പോള്‍ മുഖ്യമോഡലായി വന്നത് നെയ്മര്‍ ജൂനിയര്‍. റാകുടേന്‍ എന്ന ജപ്പാന്‍ ആസ്ഥാനമായ ഗ്ലോബര്‍ മാര്‍ക്കറ്റിംഗ് ഗ്രൂപ്പാണ് ടീമിന്റെ പുതിയ സ്‌പോണ്‍സര്‍. ഒറ്റനോട്ടത്തില്‍ പഴയ ജഴ്‌സി പോലെ തോന്നാമെങ്കിലും കളറില്‍ മാറ്റം വരുത്താതെ ഡിസൈനില്‍ ചെറിയ മാറ്റം വരുത്തിയാണ് പുത്തന്‍ ജഴ്‌സി വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് വരെ ബാര്‍സ താരങ്ങള്‍ അണിഞ്ഞിരുന്നത് ചുവപ്പും നീലയും കലര്‍ന്ന കട്ടിയുള്ള ലൈനോടു കൂടിയ ജഴ്‌സിയായിരുന്നെങ്കില്‍ പുതിയ ജഴ്‌സിയില്‍ ലൈനുകള്‍ക്ക് കട്ടിയില്ല-നേരിയ ലൈനുകളാണ്. നൈകിയുടെയും ബാര്‍സ ക്ലബിന്റെയും ലോഗോയാണ് ചുമലിന്റെ രണ്ട് ഭാഗത്ത്. നടുവില്‍ പുതിയ സ്‌പോണ്‍സര്‍. കോളറില്ലാതെ, കഴുത്തിനൊട്ടി നില്‍ക്കുന്ന ഷര്‍ട്ട് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് നൈക്കിയാണ്. ഷര്‍ട്ടിനുള്ളില്‍ ഫോര്‍സ എന്ന് ഒരു ഭാഗത്തും ബാര്‍സ എന്ന് മറ്റൊരു ഭാഗത്തും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പരമ്പരാഗത സ്പാനിഷ് ഡിസൈനില്‍ നിന്നും കാര്യമായ മാറ്റം പുതിയ ജഴ്‌സിയില്‍ വരുത്തിയിട്ടില്ലെന്നാണ് നൈക്കി വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ജഴ്‌സി കിറ്റ് വിപണിയിലെത്തും. പുതിയ കിറ്റിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ കിറ്റിന് 50 ഡോളറും വലിയ കിറ്റിന് 100 ഡോളറും വരുമെന്നാണ് സൂചന.വലിയ മാറ്റമായി ഇത്തവണ നെയ്മറെയാണ് ക്ലബ് സൂപ്പര്‍ മോഡലായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെസിയായിരുന്നു സൂപ്പര്‍ മോഡല്‍. ഖത്തര്‍ എയര്‍വെയ്‌സായിരുന്നു ഈ സീസണ്‍ വരെ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. എന്നാല്‍ വലിയ തുക ജാപ്പനീസ് കമ്പനി വാഗ്ദാനം ചെയ്തതോടെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ജാപ്പനീസ് ഗ്രൂപ്പിന്റെ കുപ്പായമണിയാന്‍ പോവുന്നത്. സീസണില്‍ കാര്യമായ കിരീടങ്ങളൊന്നും ബാര്‍സക്ക് ലഭിച്ചിരുന്നില്ല. കോച്ച് ലൂയിസ് എന്‍ട്രികെ രാജിവെക്കുകയും ചെയ്തു.