ദമസ്‌കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്‍ സൈന്യത്തിനെതിരേ പോരാടുന്ന വിമതര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഇദ്ലിബിലെ വടക്കന്‍ ഗ്രാമീണ പ്രദശമായ സര്‍ദാനയില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പ്പതിലേറെ പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാര്‍ച്ചിനു ശേഷം ഒരു ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്യുന്ന ആക്രമണമാണ് വ്യാഴായ്ച നടന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുദ്ധനിരീക്ഷണ മേധാവി റാമി അബ്ദുല്‍റഹ്മാന്റെ ഓഫീസ് അറിയിച്ചു.
സിറിയയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് ഇദ്‌ലിബ്.ഏറെ കാലമായി ഇദ്ലിബ് വിമതരുടെ പിടിയിലാണ്. ഇവിടെ ഐ.എസ് ഭീകരരും പിടിമുറുക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. ഇരു കൂട്ടര്‍ക്കും നേരെയാണ് സിറിയയിലെ ബശാറുല്‍ അസദിന്റെ സൈന്യം റഷ്യയുടെ സഹായത്തോടെ ആക്രമണം നടത്തുന്നത്. ഇരു കൂട്ടരില്‍ നിന്നും പ്രദേശം മോചിപ്പിച്ചെടുക്കുക എന്നതാണ് സിറിയയുടെ ലക്ഷ്യം. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതിനോടകം പതിനായിരക്കണക്കിന് നിരപരാധികളായ സാധരണ ജനങ്ങളാണ് മരിച്ചു വീണത്. ഇതില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ആക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും അംഗവൈകല്യം സംഭവിച്ചു. കിടക്കയിലും വീല്‍ചെയറിലും ആശുപത്രിയിലും അഭയാര്‍ത്ഥി ക്യാംപിലും ഇവര്‍ ജീവിതം തള്ളിനീക്കുയാണ്.
നിരന്തരമുള്ള ആക്രമണത്തെ തുടര്‍ന്ന് ഇദ്‌ലിബില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി പാലായനം ചെയുകയാണ്. 2015ല്‍ റഷ്യയുടെ സഹായം ലഭിച്ചതോടെയാണ് സിറിയന്‍ ഭരണകൂടം ഇവിടെ ശക്തി പ്രാപിച്ചത്. കണക്കുകള്‍ പ്രകാരം 2011നു ശേഷം സിറിയയില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്നര ലക്ഷത്തിലേറെ ജീവനുകളാണ് നഷ്ടമായത്.