X

സാമ്പത്തിക സംവരണവും മുസ്‌ലിംലീഗ് നിലപാടും

നജീബ് കാന്തപുരം

ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നും ചൂടുപിടിപ്പിച്ച ചര്‍ച്ചകളിലൊന്നാണ് സംവരണം. ജാതീയമായ അവഗണനയുടെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും പേരില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഭരണഘടനാപോംവഴിയായിട്ടുപോലും സംവരണം ഔദാര്യമായും പ്രീണനമായും മാറുന്നുവെന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. സംവരണം ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്ന പ്രതിഭാസമല്ല. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലായി പാര്‍ശ്വവത്കരിക്കപ്പെടുന്ന ഭാഷ, ലിംഗ, ജാതി ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള അഫര്‍മ്മറ്റീവ് ആക്ഷനുകളുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍ ഇത് വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങി കമ്യൂണിസ്റ്റ് ചൈനയില്‍ പോലും ഇത്തരത്തില്‍ വിവിധ രൂപങ്ങളിലായി സംവരണം നിലവിലുണ്ട്.
ഇന്ത്യയിലാവട്ടെ, സ്വാതന്ത്ര്യത്തിന്മുമ്പ് ബ്രിട്ടീഷ്‌രാജ് നിലനില്‍ക്കുമ്പോഴും രാജഭരണം തുടരുമ്പോഴും ഇത്തരത്തിലുള്ള സംവരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1882ല്‍ ബ്രാഹ്മണരല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സംവരണം നടപ്പാക്കിയ ഷാഹു മഹാരാജ മുതല്‍ 1909ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ സംവരണം വരെ വിവിധ തലത്തില്‍ അതിനെ കാണാന്‍ കഴിയും. 1932ലെ വട്ടമേശ സമ്മേളനത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രത്യേക മണ്ഡലങ്ങള്‍പോലും ഒരര്‍ത്ഥത്തില്‍ പ്രാതിനിധ്യമുറപ്പാക്കുകയെന്ന സംവരണ താല്‍പര്യത്തിന്റെ ഭാഗമായി തന്നെയാണ് വിശകലനം ചെയ്യപ്പെടുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിര്‍മ്മിക്കുമ്പോള്‍തന്നെ സംവരണം സുപ്രധാന ചര്‍ച്ചയായിരുന്നു. ഇതിലേക്ക് നയിച്ച പ്രധാനകാര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ വിവേചനം തന്നെയാണ്. ഇന്ത്യയില്‍ മനുഷ്യര്‍ നേരിടുന്നത് സാമ്പത്തിക വിവേചനമല്ലെന്നും ജാതീയ വിവേചനമാണെന്നും ഉറച്ച ബോധ്യമുള്ളതിനാലാണ് ഇത് മറികടക്കാനുള്ള നിയമനിര്‍മ്മാണമുണ്ടായത്. ഇന്ത്യയുടെ ഭരണഘടനാനിര്‍മ്മാണസഭയില്‍ അംഗമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സംവരണവുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗിന്റെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇന്നുവരെ ഒരിക്കല്‍പോലും മുറിഞ്ഞുപോകാത്ത പാര്‍ലമെന്റ് അംഗത്വമുള്ള പാര്‍ട്ടി എന്ന നിലയില്‍ സംവരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും ചരിത്ര പ്രധാനമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണഘടനാനിര്‍മ്മാണ സഭയില്‍ മുസ്‌ലിംലീഗ് നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് അനുവര്‍ത്തിച്ച നിലപാടുകളുടെ വ്യക്തത പില്‍ക്കാലത്ത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍പോലും പരാമര്‍ശിക്കപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഭരണഘടനാനിര്‍മ്മാണ സഭയുടെ അധ്യക്ഷനായ ഡോ. ബി.ആര്‍ അംബേദ്കറെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മത്സരിപ്പിച്ചത് പോലും മുസ്‌ലിംലീഗ് ആണെന്നത് ചരിത്ര വസ്തുതയാണ്. മഹാരാഷ്ട്രയിലെ ബൊംബെയില്‍നിന്ന് 1946 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ആര്‍ അംബേദ്കറെ സര്‍വേന്ത്യാമുസ്‌ലിംലീഗിന്റെ പ്രത്യേക താല്‍പര്യപ്രകാരം ബംഗാളില്‍ മുസ്‌ലിംലീഗിന്റെ ഉറച്ച സീറ്റില്‍ നിര്‍ത്തി മത്സരിപ്പിച്ചാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെത്തിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളില്‍ സംവരണം അവകാശമായി എഴുതിച്ചേര്‍ക്കുന്നതിന് പിന്നില്‍ മുസ്‌ലിംലീഗിന് ചരിത്രപരമായ പങ്കാളിത്തമുണ്ടെന്ന് ഈ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നു. (ക്രിസ്റ്റോഫ് ജെപ്രോര്‍ട്ടിന്റെ ഡോ. അംബേദ്കര്‍ ആന്റ് അണ്‍ ടച്ചബിളിറ്റി എന്ന പുസ്തകത്തോട് കടപ്പാട്)
ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണഘട്ടം മുതല്‍ സംവരണ ഭേദഗതിക്കായി വിവിധ ഘട്ടങ്ങളില്‍ പാര്‍ലമെന്റില്‍വന്ന ബില്ലുകളുടെ ചര്‍ച്ചാവേളകളിലും മുസ്‌ലിംലീഗിന്റെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിട്ടുണ്ട്. 1990ല്‍ വി.പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന ഘട്ടത്തിലും 2006ല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ സ്ഥാപനങ്ങളിലും പിന്നാക്ക സംവരണം ഉറപ്പാക്കുന്ന നിയമം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ഘട്ടത്തിലുമെല്ലാം മുസ്‌ലിംലീഗിന്റെ അംഗങ്ങള്‍ കൈക്കൊണ്ട ചരിത്ര പ്രധാനമായ നടപടികളുടെ തുടര്‍ച്ച തന്നെയാണ് ഇക്കഴിഞ്ഞ ദിവസം മുന്നാക്ക സംവരണ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും മുസ്‌ലിംലീഗ് കൈക്കൊണ്ട നടപടി. രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ തെളിവുകള്‍ നല്‍കുന്ന കാര്യത്തിലും നരേന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തിലും മുസ്‌ലിംലീഗ് കാണിച്ച ജാഗ്രതയും ശ്രദ്ധയും പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിസ്മരിക്കാനാവില്ല. സംവരണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ലെന്നും അരികുവത്കരിക്കപ്പെടുകയും അദൃശ്യരായി തീരുകയും ചെയ്യുന്ന മനുഷ്യരെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കാനുള്ള കരുത്തുറ്റ നടപടിയാണെന്നുമുള്ള തിരിച്ചറിവുള്ളത് കൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമനിര്‍മ്മാണത്തെ മുസ്‌ലിലീഗ് ശക്തമായി എതിര്‍ത്തത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സവര്‍ണ സമുദായങ്ങളെ ഒപ്പംനിര്‍ത്താനുള്ള കണ്‍കെട്ട് വിദ്യയെന്നതിലപ്പുറം യാതൊരു പ്രത്യേകതയും ഈ ബില്ലിനില്ല.
ഒന്നാമതായി ഒരു തരത്തിലുള്ള നിയമസാധുതയും ഈ ഭരണഘടനാഭേദഗതിക്കില്ല. 1962ലെ എം.ആര്‍ ബാലാജി ആന്റ് അതേര്‍സ് / സ്റ്റേറ്റ് ഓഫ് മൈസൂര്‍ കേസില്‍ സുപ്രീംകോടതി ഇങ്ങനെ വ്യക്തമാക്കുന്നു. ‘പൊതുവായും ഒപ്പം മൊത്തത്തിലും പറയുമ്പോള്‍ സംവരണം എന്നത് 50 ശതമാനത്തില്‍ താഴെ നില്‍ക്കണം.’ ഇന്ദിരാ സാഹ്‌നി കേസിലും (മണ്ഡല്‍ വിധി) സുപ്രീം കോടതി ഈ വിധി ശരിവെക്കുകയാണുണ്ടായത്. മാത്രമല്ല, അന്ന് വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ച് പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉന്നയിക്കുകയുണ്ടായി. ‘സാമ്പത്തിക സ്ഥിതിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ പിന്നാക്കക്കാര്‍ എന്ന് പറയാന്‍ സാധിക്കുമോ?’ കോടതി അതിനു പറഞ്ഞ ഉത്തരം ‘സാമ്പത്തിക സ്ഥിതിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ പിന്നാക്കമായി അടയാളപ്പെടുത്താന്‍ സാധിക്കില്ലെ’ന്നു തന്നെയാണ്. 49.5 ശതമാനം സംവരണം നിലനില്‍ക്കുന്ന ഘട്ടത്തില്‍ 10 ശതമാനം സംവരണം കൂടി നടപ്പാക്കാനുള്ള ഭേദഗതി യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ 15, 16 വകുപ്പുകളോടുള്ള കയ്യേറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണ്.
മാത്രമല്ല, പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍ മാത്രം പോരാ, പകുതിയിലധികം സംസ്ഥാന സര്‍ക്കാറുകള്‍ ഇത് അംഗീകരിക്കുകയും വേണം. ഇത്രയേറെ കടമ്പകള്‍ മുന്നിലുണ്ടായിട്ടും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചുട്ടെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകം കണ്‍കെട്ട് വിദ്യയാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ വെട്ടില്‍വീഴുക തന്നെയാണ് ചെയ്തിരിക്കുന്നത്. ലോക്‌സഭയില്‍ 323 അംഗങ്ങള്‍ ഒറ്റക്കെട്ടായി ഭരണഘടനാഭേദഗതിക്കൊപ്പം നിന്നപ്പോള്‍ എന്തുകൊണ്ട് മുസ്‌ലിംലീഗ് വേറിട്ട് നിന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇക്കാര്യത്തില്‍ അഭിമാനത്തോടെ പറയാവുന്ന കാര്യം, ഇന്ത്യയിലെ സംവരണ സമുദായത്തോട് നീതിപുലര്‍ത്താന്‍ മുസ്‌ലിംലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഒപ്പം അസദുദ്ദീനും ഉവൈസിയും മാത്രമാണ് ഉണ്ടായിരുന്നത് എന്ന കാര്യമാണ്. നിയമവിരുദ്ധമായ ഈ ഭേദഗതി ബില്ല് സംവരണ തത്വങ്ങള്‍ക്ക് തന്നെ എതിരാണ്. സംവരണത്തിന്റെ ഉദ്ദേശ ശുദ്ധി സാമൂഹിക നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അതിനെ അപ്രസക്തമാക്കുകവഴി സംവരണ സമുദായങ്ങളെ തന്നെ ഈ നീക്കം പരിഹസിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ഒരു പക്ഷത്ത് നിന്നാലും ഭരണഘടനയെയും സംവരണ തത്വങ്ങളെയും ആദരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മുസ്‌ലിംലീഗ് വിയോജിപ്പ് പ്രകടിപ്പിക്കുകതന്നെയാണ് വേണ്ടത്. വളരെ നിരുപദ്രവകരം എന്ന് തോന്നാവുന്ന ചോദ്യമാണ് മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നവരില്‍നിന്ന് കേള്‍ക്കാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള നിയമനിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന് പറഞ്ഞപ്പോള്‍ അതിനെ സാധൂകരിക്കുംവിധം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു ചോദ്യമുന്നയിച്ചിരുന്നു. പിന്നാക്കക്കാരുടെ സംവരണം കുറയാതെ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൂടി നല്‍കുന്നതിലെന്താണ് തെറ്റെന്നതായിരുന്നു ചോദ്യം. സംവരണ വിരുദ്ധരുടെ സ്ഥിരം പല്ലവിയായ ഈ ചോദ്യത്തിനുള്ള മാന്യമായ ഉത്തരം സംവരണത്തെക്കുറിച്ചുള്ള പ്രാഥമിക അറിവ് പോലും നിങ്ങള്‍ക്കില്ലെന്നു തന്നെയാണ്. ഇന്ത്യയിലുടനീളം നിലനില്‍ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ച് സി.പി.ഐ.എമ്മിന് അറിവില്ലാത്തത് കൊണ്ടല്ല. മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ട്‌പോലും ജാതീയ അധിക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനാവാതെ മറുപടി പറയേണ്ടിവരുന്ന പിണറായി വിജയന് ഇതിന്റെ മറ്റൊരു വിശദീകരണം എന്തിനാണ്. ചെത്തുകാരന്റെ മകന്‍ എന്തിന് മുഖ്യമന്ത്രിയായെന്ന ചോദ്യം തനിക്കെതിരെ ഉയര്‍ന്നുവരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയുണ്ടായി. പണമോ അധികാര സ്ഥാനങ്ങളോ അല്ല ജാതിയുടെ ഉച്ചനീചത്വങ്ങള്‍ തന്നെയാണ് കേരളത്തില്‍ പോലും പ്രധാനമെന്ന് വരുമ്പോള്‍ സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാവണമെന്നതിന് എന്ത് കേവല യുക്തിയാണ് പറയാന്‍ കഴിയുക.
സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംവരണമല്ല ആവശ്യം. സാമ്പത്തിക സഹായ പാക്കേജുകളാണ് മുന്നാക്ക ജനവിഭാഗങ്ങളില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് അത്തരത്തില്‍ എന്ത് സാമ്പത്തിക സഹായ പാക്കേജുകള്‍ നല്‍കുന്നതിനും മുസ്‌ലിംലീഗ് എതിരല്ല. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കരുതി അവര്‍ക്ക് സംവരണം നല്‍കാന്‍ പാടില്ലെന്ന കോടതിവിധി തന്നെയാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്ന ഭരണഘടനാഭേദഗതി നിലനില്‍ക്കില്ലെന്ന കേശവാനന്ദ ഭാരതി കേസിലെ 11 അംഗ ബഞ്ചിന്റെ വിധി ഇക്കാര്യത്തിന് അടിവരയിടുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഒരാളും സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെടുന്നില്ല. അവരുടെ പ്രശ്‌നം പണമുണ്ടായാല്‍ തീരുന്നതേയുള്ളൂ. വില്ലുവണ്ടിയില്‍ സന്ദര്‍ശിച്ച അയ്യങ്കാളി തഴയപ്പെട്ടത് അയ്യങ്കാളി ദരിദ്രനായതുകൊണ്ടല്ല. ദലിതനായതു കൊണ്ടാണ്. മുന്നാക്ക വിഭാഗം അനുഭവിക്കുന്ന ദാരിദ്ര്യം പരിഹരിക്കപ്പെടാന്‍ ഭരണഘടനാവിരുദ്ധമായ നിയമം കൊണ്ട് വരികയെന്നത് ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ആ ദൗത്യം ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുസ്‌ലിംലീഗിന് നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.
സംവരണ വിരുദ്ധരുടെ മറ്റൊരു വാദം എഴുപത് വര്‍ഷമായിട്ടും ഇത് നിര്‍ത്താനായില്ലേ എന്നാണ്. ഇക്കാര്യത്തില്‍ ഉത്തരം പറയുമ്പോള്‍ അല്‍പ്പം പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. സംവരണം നടപ്പാക്കുമ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വപ്‌നം പത്ത് വര്‍ഷം കൊണ്ട് ഈ അകലം ഇല്ലാതാകുമെന്നായിരുന്നു. അന്ന് 22 ശതമാനം മാത്രമായിരുന്നു സംവരണം. ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും ഈ വ്യവസ്ഥയുടെ കാലാവധി നീട്ടിയെന്നല്ലാതെ വിവേചനം കുറഞ്ഞില്ല. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗത്തും അസമത്വവും അസന്തുലിതാവസ്ഥയും വര്‍ധിക്കുക തന്നെയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി-പട്ടിക വര്‍ഗ സമൂഹങ്ങളുടെയും സംവരണം 49.9ല്‍ എത്തിയിട്ടും പ്രശ്‌ന പരിഹാരമാവുന്നില്ലെന്ന് കാണുമ്പോള്‍ സംവരണമില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സാമുഹ്യ സാഹചര്യം എത്ര ബീഭല്‍സമാകുമായിരുന്നു എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ, കഞ്ഞിവെക്കാനില്ലാത്തവനുള്ള കഞ്ഞിയല്ല സംവരണം. അതില്ലാത്തവന് കൊടുക്കേണ്ടത് കഞ്ഞിക്കുള്ള അരിയാണ്. കഞ്ഞി കുടിക്കാന്‍വേണ്ടി ഉമ്മറത്തുകയറാന്‍ പോലും അവകാശമില്ലാത്തവനുള്ളതാണ് സംവരണം. ഇന്ത്യയില്‍ ചരിത്രപരമായ കാരണങ്ങളാലാണ് സംവരണ സമൂഹങ്ങള്‍ പിറകോട്ട് പോയത്. അത് സാമൂഹ്യമായ ഒരു പ്രശ്‌നമാണ്. എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ നീതി ലഭ്യമായില്ലെന്നതാണ് ആ കുറ്റം. അത്തരത്തില്‍ നീതി വിതരണം ചെയ്യപ്പെടാത്ത ഒരിടത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ നിയമ സംരക്ഷണം കൂടിയേ തീരൂ. ഭരണഘടനാപരമായ ഈ വ്യവസ്ഥയെ തകരാറിലാക്കുകയാകും മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ സംഭവിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ശരിയായി വീക്ഷിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിംലീഗ് ഈ ഭരണഘടനാഭേദഗതിയോട് വിയോജിക്കുന്നു. പാര്‍ലമെന്റ് മുഴുവനും ഏകസ്വരത്തില്‍ ഒരു നിലപാടെടുക്കുമ്പോഴും ഞങ്ങള്‍ക്ക് വിയോജിക്കാന്‍ കഴിയുന്നുവെന്നത് ഈ രാജ്യമുയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെ ഔന്നിത്യമായി കൂടെ തിരിച്ചറിയാം.

chandrika: