X

അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചു

മലപ്പുറം∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തോൽവിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. ഏതാനും വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച ബഹ്റൈനെതിരെ നടന്ന മൽസരത്തിന്റെ തുടക്കത്തിൽത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മൽസരം തോറ്റ ഇന്ത്യ‍ ടൂർണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകനായ അനസ് കൊണ്ടോട്ടി ഇ.എം.ഇ.എ സ്‌കൂള്‍, കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമുകളിലൂടെയാണ് കളിച്ചുവളര്‍ന്നത്. 2007ല്‍ മുംബൈ എഫ്.സിയില്‍ കളിച്ചു. 2011ല്‍ പൂനെ എഫ്.സി താരമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെയാണ് അനസ് വീണ്ടും താരമായത്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഇന്ത്യന്‍ പ്ലെയര്‍ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസായിരുന്നു. 1.10 കോടി രൂപക്കാണ് അനസിനെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കിയത്. ഡെല്‍ഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുള്ള അനസ് നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: