തൃശൂര്‍: അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവനയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷമെങ്കിലും എടുത്തുമാത്രമേ ബി.ജെ.പി നാടിനോട് ചെയ്ത ദ്രോഹം ഇല്ലാതാക്കാന്‍ കഴിയൂ. ബി.ജെ.പി രാജ്യത്തിന് ഭീഷണിയല്ല.
നുണ പറഞ്ഞ് അധികാരത്തിലെത്താന്‍ കഴിയുമെന്ന് കാണിച്ച ഒരു കൂട്ടം ജോക്കര്‍മാരാണ് ബി.ജെ.പിക്കാര്‍. ഇന്ത്യന്‍ ജനതയുടെ 30ശതമാനത്തില്‍ മാത്രം താഴെ വോട്ടുകള്‍ നേടി രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റാന്‍ കഴിയുമെന്ന് അവര്‍ കാണിച്ചുതന്നു. രാജ്യത്തിന്റെ ഐക്യത്തെയാണ് അവര്‍ മാറ്റിമറിച്ചത്. എവിടേയ്ക്കാണ് രാജ്യം പോകുന്നതെന്ന് ചിന്തിക്കണം. നമ്മള്‍ അസ്വസ്ഥരാണ്.
ഒരു കൂട്ടര്‍ നല്‍കുന്ന പേരില്‍ ജീവിക്കാന്‍ നമ്മള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അതിന് അനുവദിക്കരുത്. ആരാണ് ഇന്ത്യയുടെ ശത്രുവെന്ന് തിരിച്ചറിയണം. വര്‍ഗ്ഗീയതയും അഴിമതിയുമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍. ഒറ്റരാത്രികൊണ്ട് അത് ഇല്ലാതാക്കാന്‍ കഴിയില്ല. വലിയ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന റാലികളേക്കാള്‍ ഇത്തരം ജനാധിപത്യസംഗമങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
എഴുത്തുകാരി സാറാ ജോസഫ് അധ്യക്ഷത വഹിച്ചു. എം.എന്‍ കാരശ്ശേരി, കെ. വേണു, സി.ആര്‍ പരമേശ്വരന്‍, ചന്ദ്രിക വാരിക എഡിറ്റര്‍ പി. സുരേന്ദ്രന്‍, സിവിക് ചന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ജോയ് മാത്യു, കെ.അരവിന്ദാക്ഷന്‍, ഡോ. കെ. ഗോപിനാഥന്‍, പാര്‍വ്വതി പവനന്‍, കുസുമംജോസഫ്,വിജി തമ്പി, ഡോ. പി.വി സജീവന്‍, കെ. ഗിരീഷ്‌കുമാര്‍, സജീവന്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.