ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റേഷന്‍ നയത്തില്‍ വന്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
അക്രഡിറ്റേഷന്‍ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങള്‍ പറയുന്നിടത്താണ് പുതിയ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വിധിയോടെ വാര്‍ത്തകള്‍ നല്‍കല്‍, ഇന്ത്യയുടെ അഖണ്ഡതക്കും പരമാധികാരത്തിനും മുറിവേല്‍പ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന പെരുമാറ്റം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധത്തെ ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കല്‍, പൊതു ക്രമത്തിനും ധാര്‍മ്മികതക്കും നിരക്കാത്ത പ്രവര്‍ത്തനം, മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കല്‍, കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍, കോടതിയലക്ഷ്യ റിപ്പോര്‍ട്ടിങ് എന്നിവയാണ് പി.ഐ.ബി അക്രഡിറ്റേഷന്‍ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളായി പറയുന്നത്. വര്‍ഷങ്ങളായി ഇല്ലാത്ത മാനദണ്ഡങ്ങളാണ് പുതുതായി എഴുതിച്ചേര്‍ത്തിരിക്കുന്നത്. 2013ലാണ് ഒടുവില്‍ അക്രഡിറ്റേഷന്‍ പോളിസി പുതുക്കിയത്. രണ്ടു കാര്യങ്ങളാണ് അന്ന് അക്രഡിറ്റേഷന്‍ പിന്‍വലിക്കുന്നതിന് പറഞ്ഞിരുന്നത്.
മാധ്യമ സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷിക്കല്‍, അക്രഡിറ്റേഷന്‍ ദുരുപയോഗിച്ചതായി കണ്ടെത്തല്‍ എന്നിവയായിരുന്നു ഇത്. സര്‍ക്കാറിന്റെ പുതിയ നയം മാധ്യമ പ്രവര്‍ത്തരെ ദ്രോഹിക്കുന്നതിന് വ്യാപകമായി ദുരുപയോഗിക്കപ്പെട്ടേക്കുമെന്ന ആശങ്ക ശക്തമാണ്.അതേസമയം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടി പി.ഐ.ബി അക്രഡിറ്റേഷന്‍ അനുവദിക്കുമെന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ പ്രിന്റ്, ടെലിവിഷന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.