X

മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാരോട് ഫ്‌ളാറ്റൊഴിയണമെന്ന് അയല്‍വാസികള്‍

കൊല്‍ക്കത്ത: മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാരോട് ഫ്‌ളാറ്റില്‍ നിന്നും ഒഴിയാനാവശ്യം. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഫ്താബ് ആലം, മൊജാബ ഹസന്‍, നാസിര്‍ ഷൈഖ്, ഷൗക്കത്ത് ഷൈഖ് എന്നിവരോടാണ് ഫ്‌ളാറ്റ് വിടാന്‍ അയല്‍ ഫ്‌ളാറ്റുകാര്‍ ആവശ്യപ്പെട്ടത്. മുസ്്‌ലിംകള്‍ അയല്‍വാസികളായി വേണ്ടെന്ന ഫ്‌ളാറ്റിലുള്ളവരുടെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ഡോക്ടര്‍മാര്‍. നാലു ഡോക്ടര്‍മാരും ചേര്‍ന്നായിരുന്നു ദക്ഷിണ കൊല്‍ക്കത്തയിലെ കുഡ്ഗട്ടില്‍ രണ്ട് മാസം മുമ്പ് ഫ്‌ളാറ്റെടുത്തത്.

ചില അയല്‍ക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഡോക്ടര്‍മാരുടെ ഒരു സുഹൃത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവര്‍ തടഞ്ഞുവെച്ച് തിരിച്ചറിയല്‍രേഖ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. വാടകക്ക് വീട് ലഭിക്കാന്‍ ആദ്യം മുതലേ മതം വലിയ പ്രശ്‌നമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുസ്‌ലിമാണെന്നതിന്റെ പേരില്‍ പലരും വീട് നല്‍കാന്‍ തയ്യാറായില്ല. കുറേ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഈ ഫ്‌ളാറ്റ് ലഭിച്ചത്. ഫ്‌ളാറ്റില്‍ നിന്നും മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും പരാതി നല്‍കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് ആസ്പത്രി അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. സമാധാനത്തോടെയാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നും എന്നാല്‍ ചില അയല്‍വാസികള്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും ബെലിഗട്ടാ ഇന്‍ഫെക്ഷ്യസ് ഡിസീസ് ആസ്പത്രി ജീവനക്കാരനായ ആലം പറയുന്നു. ഡോക്ടര്‍മാരെ ഒഴിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഫ്‌ളാറ്റുടമ സുദീപ്താ മിത്ര പറയുന്നത്.

chandrika: