X
    Categories: indiaNews

കാക്കിയോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്)ലെ തുടക്കക്കാര്‍ തങ്ങളുടെ യൂണിഫോമില്‍ അഭിമാനിക്കണമെന്നും കാക്കിയോടുളള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്സൂരിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേയും ഹൈദരാബാദിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും പരിശീലനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂണിഫോമിനെക്കുറിച്ച് അഭിമാനം വേണം, പക്ഷേ, അത് അധികാരപ്രകടനത്തിലേക്ക് മാറരുത്. യൂണിഫോം ധരിച്ചുകഴിഞ്ഞാല്‍ പോലീസുകാര്‍ക്കു തോന്നും തങ്ങളെ എല്ലാവരും ഭയക്കണമെന്ന്-പ്രത്യേകിച്ചും ക്രിമിനലുകള്‍. സിങ്കം പോലെയുള്ള സിനിമകള്‍ കണ്ടതിനുശേഷം ചില പോലീസുകാര്‍ തങ്ങളെക്കുറിച്ച് അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ഥ ചുമതലകള്‍ മറന്നുപോകുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം, കാരണം ഇത് അവരുടെ നല്ല പ്രവൃത്തികളെ ഇല്ലാതെയാക്കും, വെര്‍ച്വല്‍ പ്രസംഗത്തില്‍ മോദി ഉപദേശിച്ചു.

ഐപിഎസ് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ദിക്ഷാന്ത് പരേഡ് അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി സംസാരിച്ചത്. കൊവിഡ്-19 പ്രതിരോധത്തില്‍ പോലീസ് നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നിങ്ങളുടേത് ഒരു തൊഴിലാണ്, അവിടെ അപ്രതീക്ഷിതമായി എന്തെങ്കിലും നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും വളരെ ജാഗ്രത പാലിക്കുകയും അതിന് തയ്യാറായിരിക്കുകയും വേണം. പോലീസിന്റെ മനുഷ്യത്വമുള്ള മുഖമാണ് പൊതുജനങ്ങള്‍ ഓര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമുള്ള ജോലിയാണ് പോലീസുകാര്‍ ചെയ്യുന്നത്, അതിനാല്‍ യോഗയും പ്രാണായാമവും ശീലമാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം, 28 സ്ത്രീകള്‍ ഉള്‍പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്‍മാര്‍ അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്.

chandrika: