മുജീബ് കെ. താനൂര്‍
മല്ലിഗാര്‍ജുന ഖാര്‍ഗെയുടെ വിജയത്തോടെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് കൈവന്നിരിക്കുകയാണ്. ഇതോടെ പാര്‍ട്ടിക്കകത്തെ വിമതനീക്കത്തിനും തിരിച്ചടിയായി. നെഹ്‌റു കുടുംബത്തിനെതിരെ കത്തെഴുതി രൂപംകൊണ്ട ഇരുപത്തി മൂന്നംഗ കോണ്‍ഗ്രസ് സംഘമാണ് ‘ജി 23’. പഴയ സിന്‍ഡിക്കേറ്റിന്റെ നവീന രൂപമായ ജി 23 ഇനി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഒരുപക്ഷേ കോണ്‍ഗ്രസിനെ വലിയതോതില്‍ ക്ഷീണിപ്പിക്കാനാവില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ജി 23 നേതാക്കള്‍ നെഹ്‌റു കുടുംബത്തിന്‌നേരെ തിരിഞ്ഞത്‌പോലെ 1969 കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ ഇന്ദിരാഗാന്ധിക്കെതിരെ രൂപപ്പെടുത്തിയ രാഷ്ട്രീയ അച്ചുതണ്ടായിരുന്നു കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇന്ദിര വിരുദ്ധരായ ഈ വിമതര്‍ ആദ്യമാദ്യം യു.പിക്കാരനല്ലാത്ത ഒരാളെ പ്രധാനമന്ത്രിയാക്കണമെന്നു വാദമായിരുന്നു ഉയര്‍ത്തിയത്. അതിലൂടെ ഇന്ദിരയല്ലാത്ത മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാമെന്നാണ് ആസൂത്രണം ചെയ്തിരുന്നത്.
കോണ്‍ഗ്രസ് നേതൃത്വം വിമതപക്ഷം കൈയ്യടക്കുകയും 1969 നവംബര്‍ പത്തിന് ഇന്ദിരാഗാന്ധിയെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് പറഞ്ഞു കോണ്‍ഗ്രസില്‍ നിന്നും പുറത്താകുകയുണ്ടായി. കെ കാമരാജ്, മൊറാര്‍ജി ദേശായി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഒറിജിനല്‍) അഥവാ കോണ്‍ഗ്രസ്-ഒ രൂപം കൊണ്ടു. ബീഹാര്‍ മുഖ്യമന്ത്രി ഭോല പാസ്വാന്‍ ശാസ്ത്രി, എസ്. നിജലിംഗപ്പ, നീലം സഞ്ജീവറെഡ്ഡി, അതുല്യഘോഷ്, എസ്.കെ പാട്ടീല്‍, സത്യേന്ദ്ര നാരായണ സിന്‍ഹ, അശോക് മേത്ത, ബി.ഡി ശര്‍മ്മ, കര്‍ണാടകയിലെ വീരേന്ദ്രപാട്ടീല്‍, ഗുജറാത്തിലെ ഹിരേന്ദ്ര കെ ദേശായി തുടങ്ങിയവരായിരുന്നു വിമത പക്ഷത്തെ മറ്റു പ്രമുഖര്‍. ഇന്ദിരാഗാന്ധിയുടെ പക്ഷത്തുള്ള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് റിക്വസിഷനിസ്റ്റ് അഥവാ കോണ്‍ഗ്രസ് (ആര്‍) എന്ന പേരില്‍ മറുപക്ഷത്തു കരുത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങി. ആകെയുള്ള 705 ദേശീയ സമിതി അംഗങ്ങളില്‍ 446 പേര്‍ ഇന്ദിരക്കൊപ്പമായിരുന്നു. 1971 ലെ പൊതു തിരെഞ്ഞെടുപ്പില്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 352 സീറ്റും 42 ശതമാനം വോട്ടും നേടി വന്‍വിജയം കരസ്ഥമാക്കി. പ്രധാനമന്ധ്രിയായി ഇന്ദിര വരികയും ചെയ്തു. വിമത കോണ്‍ഗ്രസിന് പത്തു ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളു. ഇന്ദിര ഗാന്ധി ജനകീയമായ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു വന്നതില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ ഇന്ദിരവിരുദ്ധരാവുകയായിരുന്നു. കോണ്‍ഗ്രസില്‍ ഇടതുപക്ഷ മുഖമായി ഇന്ദിരാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതരെ തീവ്ര വലതു പക്ഷമെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ സി.പി.എമ്മിന്റെ പിന്തുണ തീവ്ര വലതുപക്ഷമായിരുന്ന കോണ്‍ഗ്രസ് വിമതര്‍ക്കായിരുന്നു എന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകരും ഇ. എം.എസ് അടക്കമുള്ള സി.പി.എം നേതൃത്വത്തെ ചോദ്യ സരങ്ങള്‍ക്കൊണ്ടു പൊറുതിമുട്ടിക്കുന്ന കാലമായിരുന്നു അത്. 1973ല്‍ മഞ്ചേരിയില്‍ നടന്ന ലോക്‌സഭ ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും ലോക്‌സഭാംഗമായ മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ കന്നി പ്രസംഗത്തില്‍ വിമത കോണ്‍ഗ്രസ് (0) യെ ‘സീറോ കോണ്‍ഗ്രസ്്’ എന്ന് വിശേഷിപ്പിച്ച നര്‍മം ആസ്വദിച്ച് ഇന്ദിര ഗാന്ധി കുലുങ്ങി ചിരിച്ചതും സഭ അതാസ്വദിച്ചതും ദേശീയ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാന്ധി കുടുംബ വിരോധം തലയ്ക്കുപിടിച്ച വിമതര്‍ വിവിധ പ്രാദേശിക പാര്‍ട്ടികള്‍ രൂപീകരിച്ചു കോണ്‍ഗ്രസിനെതിരെ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥക്ക്‌ശേഷം നടന്ന 1977 ലെ തിരഞ്ഞെടുപ്പില്‍ വിമതപക്ഷം, ഭാരതീയ ലോക്ദള്‍, ഭാരതീയ ജനസംഘ്, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, സ്വതന്ത്ര്യ പാര്‍ട്ടി എന്നിവയെല്ലാം ചേര്‍ന്ന് ജനതപാര്‍ട്ടി എന്ന പേരില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു. അങ്ങിനെ രാജ്യത്തെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷമായ ഈ സര്‍ക്കാരിനും സി.പി.എം നിരുപാധിക പിന്തുണ നല്‍കിയിരുന്നു.
ഭരണമുണ്ടായിരുന്ന ഇന്ദിരയ്‌ക്കെതിരെ ഒന്നിച്ച കോണ്‍ഗ്രസ് വിമതര്‍ കോണ്‍ഗ്രസിനെ 1977 ല്‍ പരാജയപ്പെടുത്തിയെങ്കില്‍ ഭരണമൊന്നുമില്ലാതിരുന്നിട്ടും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെ വലിയ തോതിലൊന്നും വെല്ലുവിളിക്കാനായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ഭുപേന്ദ്ര സിങ് ഹൂഡ, മിലിന്ദ് ദേവ്‌റ, മനീഷ് തിവാരി, വീരപ്പ മൊയ്‌ലി, പൃഥീരാജ് ചൗഹാന്‍, കബില്‍ സിബല്‍, ജിതിന്‍ പ്രസാദ്, പി.ജെ കുര്യന്‍, രാജ് ബാബ്ബര്‍ തുടങ്ങിയവരാണ് ജി 23 നേതാക്കള്‍. ഈ ഗ്രൂപ്പിലെ ഒരാള്‍ മുകേഷ് അംബാനിയുടെ ഇഷ്ട തോഴനും വാത്സല്യ ഭാജനവുമാണ്. മുകേഷ് അംബാനിയെ ഉപയോഗിച്ച് കോണ്‍ഗ്രസില്‍ കലഹം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചു വരുന്നതായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് വെളിപ്പെടുത്തിയിരുന്നു. മിലിന്ദ് ദേവ്‌റയുടെ അംബാനി സൗഹൃദം കേന്ദമന്ത്രിയായിരുക്കുമ്പോഴേ വാര്‍ത്തയായിരുന്നു. ഗുലാം നബിയെ രാഷ്ട്രപതി സ്ഥാനം നല്‍കാമെന്നു പറഞ്ഞു മോഹിപ്പിക്കുന്നെണ്ടെന്നും അന്ന് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. പഴയ സിണ്ടിക്കേറ്റിലെ വിമതര്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു ജനതാപാര്‍ട്ടിയായപോലെ ജി 23 ഗ്രൂപ്പിന് കഴിയണമെന്നുമില്ല. ഇവരുടെ പ്രധാന ആവശ്യം നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ആള്‍ പാര്‍ട്ടിയെ നയിക്കണമെന്നതായിരുന്നു. അതിപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. രാഹുലിന്റെ ജോഡോയാത്രയില്‍ നിറം മങ്ങിയ ജി 23 ഗ്രൂപ്പിന്റെ അടുത്ത നീക്കം ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ഗുലാം നബി പ്രാദേശിക കക്ഷി രൂപകരിച്ചു കശ്മീരില്‍ പ്രവര്‍ത്തനം തുടങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സഖ്യകക്ഷി ബി.ജെ.പി ആയിരിക്കുമെന്നു ഗുലാം നബി പറയാതെ പറഞ്ഞുകഴിഞ്ഞു. ഗ്രൂപ്പിലെ ശശി തരൂര്‍ മത്സരിച്ചതും ഫലത്തില്‍ ജി 23 ഗ്രൂപ്പിന് പ്രഹരമാണ്. അതുകൊണ്ടായിരിക്കാം ‘ദി ടെലിഗ്രാഫ്’ പത്രം ഖാര്‍ഗെയുടെ വിജയത്തെകുറിച്ചു ‘ജി 23 വാടിക്കരിയുന്നു’ എന്ന് പരിഹസിച്ചത്.