X

ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ ആന്ധ്രക്കാരുടെ പൊങ്കാല; റേറ്റിങ് കുത്തനെ ഇടിഞ്ഞു

ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആന്ധ്രക്കാരുടെ പൊങ്കാല. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഇപ്പോള്‍ ആകെയുള്ളത് 1.1 റേറ്റിങ് മാത്രമാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ അമ്പരപ്പിക്കുന്ന കുറവാണ് പേജിന് ഉണ്ടായിരിക്കുന്നത്. ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്.

പതിനായിരത്തോളം പേര്‍ പേജിലെത്തി രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. 32,000 ത്തോളം പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്ത് അമര്‍ഷം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും കടുത്ത രോഷമാണ് പ്രകടിപ്പിക്കുന്നത്.

എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒന്നും ലഭിച്ചില്ല എന്നാരോപിച്ച് ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി മുന്നണി വിടാനൊരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നതിന് പിന്നാലെയാണ് ബി.ജെ.പ്പിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആന്ധ്രക്കാര്‍ രംഗത്തെത്തിയത്.

പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനുപിന്നാലെ ഭാവി നടപടികള്‍ ആലോചിക്കാന്‍ ടി.ഡി.പി എം.പിമാരുടെ അടിയന്തരയോഗം മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.

2014ല്‍ തെലങ്കാന വിട്ടു പോയതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയെ അവഗണിക്കുകയാണെന്ന പരാതി ടി.ഡി.പിക്കു നേരത്തെ തന്നെയുണ്ട്. വന്‍ കടബാധ്യതയുള്ള സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും പുതിയ തലസ്ഥാനമായ അമരാവതി നിര്‍മിക്കുന്നതിനുള്ള ധനസഹായം പോലും ലഭ്യമാകുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

‘ഞാന്‍ സഖ്യ മര്യാദ പാലിക്കുകയും മിണ്ടാതിരിക്കുകയുമാണ് ചെയ്യുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ ബി.ജെ.പിയുമായി സംസാരിക്കുന്നത് ഞാന്‍ തടയുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍, ഞങ്ങള്‍ നമസ്‌തേ പറഞ്ഞ് പിരിയും.’ എന്നാണ് നായിഡു പറഞ്ഞത്.

അതേ സമയം കേന്ദ്രബജറ്റിനെതിരെ തെലങ്കാനയും രംഗത്തെത്തിയിട്ടുണ്ട്. ജലവിതരണ പദ്ധതി, ജലസേചന പദ്ധതി, മിഷന്‍ ഭാഗീരഥ, കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയ്ക്കായി ബജറ്റില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും തെലങ്കാന ധനമന്ത്രി എറ്റെല രാജേന്ദര്‍ പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് നിരാശപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതുമാണെന്ന വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും രംഗത്തെത്തിയിരുന്നു.എന്‍.ഡി.എയിലെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളാണ് തെലുങ്ക്‌ദേശവും ശിവസേനയും

chandrika: