X

ഇസ്രാഈല്‍ മോദി


ഇംഗ്ലീഷുകാരിതിനെ പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന് വിളിക്കും. പൊതുസമൂഹത്തിന്റെ കാര്യമാണത്. ദൈവം കള്ളനെ പനപോലെ വളര്‍ത്തുമെന്നാണല്ലോ. കവര്‍ച്ചക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും കുത്തകകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഇത് ശുക്രനാണ്. പറഞ്ഞുവരുന്നത് ഭൂമിയിലെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രാഈലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണ്. പഠനകാലത്ത് മര്യാദക്കാരനായ, അനുസരണശീലമുള്ള, പരസഹായിയായിരുന്ന ചെറുക്കനാണ് നെതന്യാഹുവെങ്കിലും ഇപ്പോള്‍ ലോകം മുഴുവന്‍ വെറുക്കുന്ന ( ഇസ്്‌ലാം, ക്രിസ്ത്യന്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും) അധിപതിയാണ് നെതന്യാഹു. ഇതിയാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു, നാലാമതും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ. കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിയുടെ പ്രതിനിധിയായി വീണ്ടും പ്രധാനമന്ത്രിയായവിജയിച്ചിരിക്കുകയാണ് ‘ബിബി’ എന്ന് വിളിക്കപ്പെടുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇയാളെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ,നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും താന്‍ നിങ്ങളില്‍ ചില പ്രതീക്ഷകള്‍ വെക്കുന്നു എന്നാണ്. ആറരലക്ഷം ഫലസ്തീനികളുടെ ഭാവിയാണ് വീണ്ടും തുലാസിലാകുന്നത്.
ഇയാള്‍ പ്രധാനമന്ത്രിയായശേഷമാണ് ഇസ്രാഈല്‍ അതിന്റെ സാമ്രാജ്യത്വദംഷ്ട്രങ്ങള്‍ പൂര്‍വാധികം തുറന്നുകാട്ടിയത്. ഫലസ്തീന്‍ജനതയുടെ അടിസ്ഥാനജീവല്‍പ്രശ്‌നത്തിന് പരിഹാരംകാണാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, രാജ്യത്തെ ഭീകരതയെ ഫലസ്തീനി ജനതയുടെ തലയിലേക്ക് കൂടുതല്‍ കൂടുതല്‍ എടുത്തുവെക്കുകയാണ് നെതന്യാഹു. ഇസ്രാഈല്‍ തലസ്ഥാനം തെല്‍അവീവില്‍നിന്ന് ജെറുസലേമാക്കിയതും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ നെതന്യാഹുവിന്റെ ബുദ്ധിയിലുദിച്ചവയാണ്. പട്ടാളക്യാപ്റ്റനായി ദീര്‍ഘകാലം സേവിച്ചതും 1967 മുതല്‍ ഭരണത്തിന്റെ പലതരത്തിലുള്ള ചുക്കാനേന്തിയെന്നതും നെതന്യാഹുവിന്റെ ഓരോ ചലനത്തെയും വിജയകരമാക്കുകയാണ്. അമേരിക്കയുമായി താമസിച്ചതടക്കമുള്ള ബന്ധമാണ് നെതന്യാഹുവിനുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ പിതാവിനെ പോലും സുഹൃത്താക്കിയ പൂര്‍വകാലം. നല്ല അമേരിക്കന്‍ ഇംഗ്ലീഷ്. ഇസ്രാഈലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ഖ്യാതി. കറകളഞ്ഞ മുതലാളിത്തവാദി. നേരിട്ട അഴിമതിക്കഥകളെയൊക്കെ സ്വാധീനമുപയോഗിച്ച് തട്ടിമാറ്റി. കള്ളം ആയിരംതവണ പറഞ്ഞാല്‍ സത്യമാകുമെന്നുപറഞ്ഞ ഗീബല്‍സിന്റെ ആധുനികകാലശിശ്യന്‍. 1996ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലേറുന്നത്. 99ല്‍ പക്ഷേ തോറ്റ് രാഷ്ട്രീയം വിട്ടു. 2000ല്‍ തിരിച്ചെത്തി തുടര്‍ച്ചയായി മൂന്നുതവണ അതേ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. 2005ലാണ് ലിക്കുഡ് പാര്‍ട്ടിയുടെ തലതൊട്ടപ്പനാകുന്നത്. മന്ത്രിയായി ഷിമോന്‍ പെരസ്, യിഷാക്ഷമീര്‍, യിഷാക്‌റബീന്‍, ഏരിയല്‍ ഷാരോണ്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ഭരണപരിചയം. ഫലസ്തീന്‍വിമോചനനേതാവ് യാസര്‍ അറഫാത്തുമായി ഇസ്രാഈല്‍ സമാധാനനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 96ല്‍ നെതന്യാഹു അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു. താന്‍ സമാധാനവാദിയാണെന്ന് പ്രചരിപ്പിക്കുകയും അതേസമയം അധികാരം കിട്ടിയശേഷം അറഫാത്തുമായി യാതൊരുവിധ സഹകരണവുമില്ലെന്ന ്തുറന്നുപ്രഖ്യാപിക്കുകയും സൈന്യത്തെ കയറൂരിവിടുകയും ചെയ്തു നെതന്യാഹുവിലെ കുരുട്ടുബുദ്ധിക്കാരന്‍. തീവ്രവലതുപക്ഷക്കാരനായ 69കാരനില്‍നിന്ന് സമാധാനം പ്രതീക്ഷിക്കുക എന്നാല്‍ പോത്തിനോട് വേദമോതി തിരുത്തുക എന്നാണ്.
120ല്‍ 36 സീറ്റും 26.45 ശതമാനം വോട്ടുമാണ് എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിയേക്കാള്‍ ലിക്കുഡ് നേടിയത്. ലിക്കുഡ് ഉള്‍പ്പെട്ട മുന്നണിയാകെ 65 സീറ്റും. നെതന്യാഹു വീണ്ടും വിജയിച്ചുവെന്നവാര്‍ത്ത പരന്ന നിമിഷം ഫലസ്തീന്‍ പ്രദേശത്തും ലോകത്തെ ഫലസ്തീന്‍ വംശജര്‍ക്കും സമാധാനകാംക്ഷികള്‍ക്കിടയിലാകെയും വ്യാപിച്ച മൂകത വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്. 17നാണ് സ്ഥാനാരോഹണം. ഇനിയൊരു വെട്ടിപ്പിടിത്തംകൂടി (വെസ്റ്റ് ബാങ്ക്) ഇസ്രാഈല്‍ നടത്തിയാല്‍ ഭൂലോകത്ത് ഫലസ്തീന്‍ എന്ന രാഷ്ട്രംതന്നെ ഇല്ലാതാകും. അതാണ് 46 ശതമാനം വലതുപക്ഷക്കാരായ ഇസ്രാഈലിന്റെയും ഫലസ്തീന്റെയും ഭാവി. വെറുതെയല്ല അവര്‍ നെതന്യാഹുവിന് വോട്ടുചെയ്തത്. ഇന്ത്യയില്‍ ഹിന്ദുത്വവര്‍ഗീയതക്ക് സമാനമാണ് ഇസ്രാഈലിലെ ജൂതവംശീയത. വെട്ടിപ്പിടുത്തത്തിന്റെയും വംശീയതയുടെയും വലതുപക്ഷകാപാലികതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ബോബേറിന്റെയും കല്ലുകൊണ്ടുള്ള ചെറുത്തുനില്‍പിന്റെയും കരാര്‍ ലംഘനങ്ങളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും ചരിത്രമാണ് കഴിഞ്ഞ നീണ്ട 52 വര്‍ഷത്തെ ഇസ്രാഈലും ഫലസ്തീനും. പാര്‍ലമെന്റില്‍ (നെസറ്റ് ) പത്തുപേരെപോലും ഫലസ്തീനികളെ തുല്യരായി കണക്കാക്കണമെന്ന് പറയാന്‍പോലും കിട്ടുന്നില്ല. പിന്നെങ്ങനെ ഈ ‘ഇസ്രാഈല്‍മോദിയെ-ട്രംപിനെ’ ലോകം തള്ളിപ്പറയും. ജനാധിപത്യം ജനഹിതംതന്നെ. അത് നന്മയുടേത് മാത്രമാവുമെന്ന് ശഠിക്കാനാകില്ലല്ലോ.

web desk 1: