ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നേരിട്ടുള്ള അന്വേഷണം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ തള്ളി ഈസ്രാഈല്‍ ഭരണകൂടം. അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളികളയുന്നതായി ഇസ്രാഈല്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ നേരിട്ട് രംഗത്തെത്തി.
ഗസ്സ അതിര്‍ത്തിയില്‍ നടന്ന അക്രമത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുര്‍ട്ടസ് വ്യക്തമാക്കിയിരുന്നു. ‘കാടത്തമാണ് സൈന്യം കാട്ടിയത്. യുഎന്‍ ഈ നടപടിയെ എതിര്‍ക്കുന്നതിനൊപ്പം സ്വതന്ത്ര അന്വേഷണം വേണമെന്ന് നിര്‍ദേശിക്കുന്നു’. എന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ മറുപടി.
അതേ സമയം ഇസ്രായേല്‍ സൈന്യത്തിന് പ്രശംസയുമായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത്. നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനിക നടപടിയില്‍ ലോക രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി അതിനെ ന്യായീകരിച്ച് സംസാരിക്കുകയും ഉത്തരവാദികളെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നത്. ‘രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുകയും ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് അവധി ദിവസം സമാധാനത്തോടെ ആഘോഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത പട്ടാളക്കാര്‍ക്ക് നന്ദി അറിയിക്കുന്നു’. പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ‘സൈന്യത്തിന്റെ ഉത്തരവാദിത്വം എന്താണോ അവര്‍ അത് നിര്‍വഹിച്ചു. സൈനിക നടപടിയില്‍ പങ്കാളികളായ എല്ലാവര്‍ക്കും മെഡല്‍ നല്‍കുകയാണ് വേണ്ടത്’. പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബേര്‍മാന്‍ വ്യക്തമാക്കി. ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല.
ഇതിനിടെ ഗസ്സയിലെ കൂട്ടക്കുരുതിയില്‍ ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങളെ എതിര്‍ത്ത് യുഎസും രംഗത്തെത്തി. യുഎന്‍ അഭിപ്രായങ്ങളെ തള്ളി കളയുന്നതായി യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇസ്രാഈല്‍ സൈന്യം ചെയ്തത്. സൈന്യം അവരുടെ ജോലി നിര്‍വഹിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ അക്രമാസക്തരായതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. സമാധാനമായാണ് പ്രതിഷേധിക്കേണ്ടത്. അതിര്‍ത്തിയില്‍ അക്രമം നടത്തിയല്ല സമാധാനം കൊണ്ടുവരേണ്ടതെന്നും യുഎസ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ ഐക്യരാഷ്ട്രസഭ എതിര്‍ക്കേണ്ടതില്ലെന്നും യുഎസ് ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ സേന ഗസ്സ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധത്തിനു നേരെ നടത്തിയ വെടിവെപ്പിനെ അപലപിച്ച് ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് രംഗത്തെത്തി.
ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് 17പേര്‍ കൊല്ലപ്പെട്ടത്. 1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ആചരിക്കുന്നത്.
ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത സൈന്യത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ പ്രശംസ
Tags: palastine