ലോകത്തെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണത്തിന് ഒരുങ്ങുന്നു. മറ്റുള്ള ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളെ പോലെ നെറ്റ്ഫ്‌ളിക്‌സിലും ഒരേ പാസ്‌വേഡ് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ അക്കൗണ്ട് ഉപയോഗിക്കാമായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള ഉപയോഗം ഇനി മുതല്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. പാസ്‌വേഡ് കൈമാറുന്ന ഉപയോക്താക്കള്‍ ഇനി മുതല്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. ‘രണ്ടാംതര പകര്‍പ്പവകാശ ലംഘനം’ ആയി പാസ്‌വേഡ് കൈമാറ്റത്തെ കണക്കാക്കുമെന്ന് ബ്രിട്ടനിലെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫിസ്(ഐ.പി.ഒ) അറിയിച്ചു.
ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങള്‍ റൈറ്റ്‌സ് വാങ്ങാതെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നതും പങ്ക്‌വയ്ക്കുന്നതും സിനിമകളും ടി.വി സീരിസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം ഇനിമുതല്‍ പകര്‍പ്പവകാശ ലംഘനമായി കണക്കാക്കുമെന്ന് ഐ.പി.ഒ അറിയിച്ചു. അടുത്ത വര്‍ഷം തുടക്കം മുതല്‍ പാസ്‌വേഡ് പങ്ക്‌വെയ്ക്കുന്നതിന് പണം ഈടാക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം.