X

‘നെതന്യാഹു നിങ്ങള്‍ പ്രധാനമന്ത്രിയായി തുടരാന്‍ യോഗ്യനല്ല’; സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നെതന്യാഹുവിനെ രക്ഷിക്കാനെന്ന് ഇസ്രാഈലി പ്രതിപക്ഷ നേതാവ്

ഇസ്രാഈല്‍ പ്രധാനമന്ത്രിയായി തുടരാന്‍ ബെഞ്ചമിന്‍ നെതന്യാഹു യോഗ്യനല്ലെന്ന് ഇസ്രാഈലി പ്രതിപക്ഷ നേതാവായ യെയര്‍ ലാപിഡ്. രാജ്യത്ത് ഭരണം നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയില്ലെന്നും യോഗ്യതയില്ലെന്നും യെയര്‍ ലാപിഡ് പറഞ്ഞു.ഇസ്രാഈലിലെ ദേശീയ യൂണിറ്റി മന്ത്രിമാരായ ബെന്നി ഗാന്റ്സ്, ഗാഡി ഐസെന്‍കോട്ട്, ഗിഡിയന്‍ സാര്‍ എന്നിവരോട് നെതന്യാഹുവുമായിട്ടുള്ള സഖ്യം അവസാനിപ്പിക്കാന്‍ യെയര്‍ ലാപിഡ് ആവശ്യപ്പെട്ടതായി ഇസ്രാഈലി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ്-ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് മുന്‍ പ്രതിപക്ഷ എം.പിമാര്‍ ഇസ്രാഈല്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയും നെതന്യാഹുവിന്റെ നടപടികള്‍ രാജ്യത്തിന്റെ താത്പര്യമായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തതായി യെയര്‍ ലാപിഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ എം.പിമാരുടെ ഇത്തരത്തിലുള്ള തീരുമാനം വിശ്വസിക്കാന്‍ കഴിയാത്തതും തെറ്റാണെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഇസ്രാഈല്‍ സര്‍ക്കാര്‍ ഐക്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇതൊരു അടിയന്തര സര്‍ക്കാരല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇസ്രാഈല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത് നെതന്യാഹുവിന്റെ രക്ഷിക്കാനാണെന്നും അല്ലാതെ രാജ്യത്തെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഇസ്രാഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണത്തില്‍ ഗസയില്‍ ക്ഷാമവും വരള്‍ച്ചയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസയിലെ ആരോഗ്യവും മാനുഷികവുമായ ദുരന്തങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്രസഭയും മറ്റു സ്ഥാപനങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയ വക്താവായ അല്‍ ഖുദ്ര പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

webdesk13: