X

നെതന്യാഹു സർക്കാരിനെ പിരിച്ചുവിടണം, തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം; ടെൽ അവീവിൽ ആയിരങ്ങളുടെ പ്രതിഷേധം

ഇസ്രാഈലി പാര്‍ലമെന്റിനെ പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രാഈലികള്‍ ടെല്‍ അവീവില്‍ പ്രതിഷേധം നടത്തിയതായി ഹാരറ്റ്‌സിന്റെ റിപ്പോര്‍ട്ട്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ നൂറുകണക്കിന് ഇസ്രാഈലികള്‍ പങ്കെടുത്ത പ്രതിഷേധ സമരം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം യുദ്ധകാല ക്യാബിനറ്റില്‍ അംഗമായ ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടി അധികാരം നേടുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചാനല്‍ 13 പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലികുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 16 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ.

120 അംഗങ്ങളുള്ള നെസെറ്റ് എന്നറിയപ്പെടുന്ന പാര്‍ലമെന്റില്‍ 32 സീറ്റുകളാണ് നെതന്യാഹുവിന്റെ പാര്‍ട്ടിക്കുള്ളത്. മുന്‍ പ്രതിരോധ മന്ത്രി ബെന്നി ഗാരറ്റ്‌സിന്റെ സെന്ററിസ്റ്റ്, ലിബറല്‍ പാര്‍ട്ടിയായ നാഷണല്‍ യൂണിറ്റി പാര്‍ട്ടി നിലവിലെ 12ല്‍ നിന്ന് 38 സീറ്റുകളിലേക്ക് ഉയരുമെന്ന് സര്‍വേ പ്രവചിക്കുന്നു.

യയര്‍ ലാപിഡിന്റെ യേഷ് ആറ്റിഡ് പാര്‍ട്ടിക്കും ജനകീയത നഷ്ടപ്പെട്ടുവെന്നും പാര്‍ലമെന്റിലെ 24 എം.പിമാരില്‍ നിന്ന് 15 എം.പിമാരിലേക്ക് കൂപ്പുക്കുത്തുമെന്നും സര്‍വേ പറയുന്നു. ഒക്ടോബര്‍ ഏഴിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇസ്രാഈലിന്റെ ജുഡീഷ്യല്‍ സംവിധാനം പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇസ്രാഈലിലുടനീളം വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

പാര്‍ലമെന്റിന് കോടതിയെക്കാള്‍ അധികാരം നല്‍കുന്ന നിയമങ്ങള്‍ നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഈ നിയമം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായി.

webdesk14: