X

ഇറാന്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണി: നെതന്യാഹു

മ്യൂണിച്ച്: ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മനിയിലെ മ്യൂണിച്ചില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ വെടിവെച്ചിട്ട ഇറാന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് നെതന്യാഹു പ്രസംഗിച്ചത്. ഇസ്രാഈലിന്റെ കഴുത്തില്‍ ഭീകരതയുടെ കുരുക്കിടാന്‍ ഇറാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയിലെ നാസി ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച 1938ലെ മൂണിച്ച് കരാറിനോടാണ് 2015ലെ ഇറാന്‍ ആണവ കരാറിനെ നെതന്യാഹു ഉപമിച്ചത്.

അപകടകാരിയായ ഇറാന്‍ കടുവയെ തുറന്നുവിടുക മാത്രമാണ് ആണവ കരാര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്രാഈലിന്റെ സുരക്ഷക്കുവേണ്ടി അവര്‍ക്കെതിരെ മടികൂടാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനുനേരെ ഡ്രോണിന്റെ അവശിഷ്ടം ഉയര്‍ത്തിപ്പിടിച്ച നെതന്യാഹു, താങ്കളിത് തിരിച്ചറിയുന്നുണ്ടോ എന്ന് ചോദിച്ച്. ‘താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഇത് നിങ്ങളുടേതാണ്. ഇസ്രാഈലിന്റെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കരുതെന്ന സന്ദേശവുമായാണ് ഇറാനിലെ സ്വേച്ഛാധിപതികളിലേക്ക് താങ്കള്‍ പോകേണ്ടത്’-അദ്ദേഹം പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ ആരോപണങ്ങളെ തുടര്‍ന്ന് സംസാരിച്ച സാരിഫ് തള്ളി. ഇസ്രാഈലിന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പുതിയൊരു സുരക്ഷാ കരാറാണ് വേണ്ടത്. ഫലസ്തീനികള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കുമെതിരെ കടന്നാക്രമണത്തിന്റെ നയമാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ക്രിമിനല്‍ നയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. നെതന്യാഹു എന്തു ചെയ്താലും ആണവ കരാര്‍ ആദ്യം ലംഘിക്കുന്ന രാജ്യം ഇറാനായിരിക്കില്ലെന്ന് സാരിഫ് വ്യക്തമാക്കി. സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ അടുത്തിടെ വ്യോമാക്രമണം നടത്തിയിരുന്നു.

സിറിയയുടെ പ്രത്യാക്രമണത്തില്‍ ഇസ്രാഈലിന്റെ ഒരു പോര്‍വിമാനം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ ഇറാനും ഇസ്രാഈലിനുമിടയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

chandrika: