X
    Categories: MoreViews

പിന്തുണ തേടി നെതന്യാഹു ബ്രസല്‍സില്‍; നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ അഭ്യര്‍ത്ഥിച്ച് യൂറോപ്പിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ നെതന്യാഹുവിന്റെ ആവശ്യം തള്ളാനാണ് സാധ്യത. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി വ്യക്തമാക്കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ വിമാനമിറങ്ങിയ നെതന്യാഹു യു.എസ് പ്രഖ്യാപനത്തെ ആവര്‍ത്തിച്ച് സ്വാഗതം ചെയ്തു. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ ജറൂസലമിലേക്ക് മാറ്റുമെന്നും തലസ്ഥാനമായി അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജറൂസലമിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നിലപാട് അംഗീകരിച്ചുകൊണ്ട് മാത്രമേ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുപോകൂ എന്ന് മൊഗെറിനി അറിയിച്ചു. ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമാണ് ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള ഏക പരിഹാരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബ്രസല്‍സിലേക്ക് പോകുന്നതിനുമുമ്പ് പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ മണ്ണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നെതന്യാഹുവിനോട് മക്രോണ്‍ ആവശ്യപ്പെട്ടു. അതേസമയം ബെര്‍ലിനില്‍ പ്രക്ഷോഭകര്‍ ഇസ്രാഈല്‍ പതാക കത്തിച്ചതിനെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അപലപിച്ചു. ഒരു വിധത്തിലുള്ള സെമിറ്റിക് വിരുദ്ധ നീക്കവും അംഗീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ഗോഥെന്‍ബര്‍ഗ് നഗരത്തില്‍ ഒരു സിനഗോഗിനുനേരെ കത്തുന്ന വസ്തു എറിഞ്ഞ മൂന്നുപേരെ സ്വീഡിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളരോഷം അലയടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ലക്ഷക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോകത്തെ പ്രധാന നഗരങ്ങളും ചത്വരങ്ങളുമെല്ലാം യുദ്ധ വിരുദ്ധ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.

ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനോടുള്ള അരിശം അമേരിക്കന്‍ വിരുദ്ധ റാലികളില്‍ പതഞ്ഞുപൊങ്ങി.  ഫലസ്തീന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാര്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ജറൂസലമിലും ഗസ്സയിലും ഇസ്രാഈല്‍ സേനയും ഫലസ്തീനികളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു.

യു.എസ് പ്രഖ്യാപനത്തിനുശേഷം ഗസ്സയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അറബ് ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതിഷേധത്തിനു മുന്നില്‍ അമേരിക്ക പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധ റാലി നടന്നു. ട്രംപിന്റെ ധിക്കാരത്തിന് കനത്ത മറുപടി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ യു.എസ് നടപടിയെ അപലപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ യു.എസ് അംബാസഡറോട് അദ്ദേഹം വിശദീകരണം തേടിയിരുന്നു. ഇസ്തംബൂളിലെ യെനികാപ്പി ചത്വരം തുര്‍ക്കി, ഫലസ്തീന്‍ പതാകകളുടെ കടലായി മാറി. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇസ്്‌ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ട്രംപിനെതിരെ ഇന്നലെയും പ്രതിഷേധ റാലി തുടര്‍ന്നു.

ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട പതിനായിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ അല്‍അസ്ഹര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പങ്കെടുത്തു. പാകിസ്താനിലെ കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു.

chandrika: