X

മാലിദ്വീപിന്റെ വിലക്കില്‍ അടിതെറ്റി നെതന്യാഹു; പൗരന്മാരോട് ദ്വീപ് വിടാനാവശ്യപ്പെട്ട് ഇസ്രാഈല്‍

ഇസ്രാഈല്‍ പൗരന്മാര്‍ക്ക് മാലിദ്വീപ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ വെട്ടിലായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദ്വീപില്‍ നിന്ന് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാബിനറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇസ്രാഈല്‍ പാസ്‌പോര്‍ട്ട് രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് ദ്വീപ് വിടാന്‍ നിര്‍ദേശം നല്‍കിയത്.

‘ദ്വീപില്‍ തുടരുന്ന ഇസ്രാഈല്‍ പൗരന്മാര്‍ രാജ്യം വിടണം. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായിക്കാന്‍ ബുദ്ധിമുട്ടാകും,’ എന്നാണ് ഇസ്രഈല്‍ അറിയിച്ചത്. ശുപാര്‍ശയില്‍ ഇരട്ട പൗരത്വമുള്ള ഇസ്രാഈലികളും ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാലിദ്വീപിന്റെ നീക്കം. ഇസ്രഈലികള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കുമെന്നും മാലിദ്വീപ് അറിയിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് വേണ്ടി ധനസമാഹരണ ക്യാമ്പയിനും രാജ്യവ്യാപകമായി റാലിയും നടത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇസ്രാഈലിനെതിരെ ജനരോക്ഷം വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം. ഓരോ വര്‍ഷവും ഏകദേശം 11,000 ഇസ്രഈലികള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നുണ്ട്. അതായത് മൊത്തം വിനോദസഞ്ചാരികളുടെ 0.6 ശതമാനം.

webdesk13: