ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി നിലനിന്ന ഒട്ടേറെ ദുരൂഹതകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബംഗാള്‍ സ്വദേശിയായ സായക് സെന്‍ നല്‍കിയ വിവരാവകാശത്തിനാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.
നേതാജിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി നിയോഗിച്ച മൂന്നു കമ്മിറ്റികളായ ഷാഹ് നവാസ് കമ്മിറ്റി, ജസ്റ്റിസ് ജി.ഡി ഖോസ്‌ല, മുഖര്‍ജി കമ്മീഷന്‍ എന്നിവയുടെ അന്വേഷണത്തിന് ശേഷമാണ് നേതാജി മരിച്ചത് വിമാനപാകടത്തിലാണെന്ന നിഗമനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. 1945-ആഗസ്റ്റ് 18ന് നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് 37 ഫയലുകള്‍ ഉണ്ടെന്നും വിവരാവകാശ ചോദ്യത്തിന്റെ മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. വിമാന അപകടത്തെക്കുറിച്ച് കമ്മീഷന് വ്യക്തമായ അറിവുണ്ടോയെന്ന ചോദ്യത്തിന് വിവിധ കമ്മീഷനുകളുടെ അന്വേഷണത്തിനൊടുവില്‍ 1945-ലെ അപകടത്തില്‍ നേതാജി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കുകയായിരുന്നു.