X

കോവിഡ്: ജാഗ്രത കൈവിടല്ലേ മൂന്നാം തരംഗവും ഗുരുതരമായേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും.

നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗം 108 ദിവസം വരെ നീണ്ടു. രണ്ടാം തരംഗത്തേക്കാള്‍ 1.8 ശതമാനമാണ് മൂന്നാം തരംഗത്തിലുണ്ടായ രോഗവ്യാപനം. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പ്രതിദിന കേസുകളുടെ എണ്ണം 4.14 ലക്ഷം വരെ എത്തിയിരുന്നു. മെയില്‍ 90.3 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മെയ് മൂന്നാം വാരത്തോടെ കേസുകള്‍ കുറഞ്ഞുവന്നു. ഇപ്പോള്‍ പ്രതിദിന കേസുകളുടെ എണ്ണം ഒന്നരലക്ഷത്തില്‍ താഴെയായി. ഏപ്രിലില്‍ 69.4 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യയും രണ്ടാം തരംഗത്തില്‍ വര്‍ധിച്ചു. 1.7 ലക്ഷം ആളുകളാണ് രണ്ടാം തരംഗത്തില്‍ മരിച്ചത്. വേണ്ടത്ര മുന്‍കരുതല്‍ നടത്തിയാല്‍ മൂന്നാം തരംഗത്തില്‍ മരണസംഖ്യ 40,000 ആയി കുറക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി വാക്സിനേഷന്‍ വര്‍ധിപ്പിക്കണമെന്നും പറയുന്നു.

നിലവില്‍ 12.3 ശതമാനമാണ് സിംഗിള്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. 3.27 ശതമാനമാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ 8000ത്തോളം കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത് മൂന്നാം തരംഗമാണെന്ന സംശയവും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ മഹാരാഷ്ട്ര കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലിനിക് ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്.

 

Test User: