നേപ്പാളിലെ പൊഖറയിലുണ്ടായ വിമാനാപകടത്തില്‍ എല്ലാ യാത്രികരും മരിച്ചതായി വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 11 പേര്‍ അന്താരാഷ്ട്ര സന്ദര്‍ശകരും മൂന്ന് പേര്‍ കൈക്കുഞ്ഞുങ്ങളുമാണെന്ന് പാസഞ്ചര്‍ മാനിഫെസ്റ്റ് കാണിക്കുന്നു. മരണപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
53 നേപ്പാളികള്‍, നാല് റഷ്യക്കാര്‍, ഒരു ഐറിഷ് പൗരന്‍, രണ്ട് കൊറിയക്കാര്‍, ഒരു അര്‍ജന്റീനക്കാരന്‍, ഒരു ഫ്രഞ്ച് പൗരന്‍ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറഞ്ഞു.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സെത്തീ നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു. ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷമേ തകര്‍ച്ചയുടെ കാരണം വ്യക്തമാകൂ.