X

ബി.ജെ.പിയെപ്പോലെ വര്‍ഗീയത ആയുധമാക്കി നേപ്പാള്‍ ജനതാ പാര്‍ട്ടി; ലക്ഷ്യം ഹിന്ദുരാഷ്ട്രം

ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലും വര്‍ഗീയത ആയുധമാക്കി ഒരു രാഷ്ട്രീയപ്പാര്‍ട്ടി. നേപ്പാള്‍ ജനതാ പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന സംഘടന ബി.ജെ.പിയെ അനുകരിച്ചാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്‍.ജെ.പി പറയുന്നത്. ഈ മാസം ആദ്യം എന്‍.ജെ.പിയുടെ 46 കാരനായ സീനിയര്‍ വൈസ് പ്രസിഡന്റ് ഖേം നാഥ് ആചാര്യ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.

ജെ.പി. നദ്ദ, ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, ലഡാക്ക് എം.പി ജംയാങ് സെറിംഗ് നംഗ്യാല്‍, ബാബ രാംദേവിന്റെ അസോസിയേറ്റ് ബാല്‍ കൃഷ്ണയെയും തുടങ്ങിയവരുമായെല്ലാം ഖേം നാഥ് കൂടിക്കാഴ്ച നടത്തി. ‘ദി പ്രിന്റു’മായി നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ബി.ജെ.പി ബാന്ധവത്തെക്കുറിച്ചും ഖേം നാഥ് മനസുതുറന്നത്.

‘ജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഹിന്ദുമതം അനുഷ്ഠിക്കുന്നവരുള്ള നാടാണ്? ദേവഭൂമിയായ നേപ്പാളില്‍. അവിടത്തെ ഹിന്ദുക്കള്‍ ഇപ്പോഴും തങ്ങളുടെ ഹിന്ദു സ്വത്വത്തെ ഭയപ്പെടുന്നു. അതിന് കാരണം രാജ്യത്തെ മതേതരര്‍ എന്ന് വിളിക്കപ്പെടുന്നവരാണ്. മതപരിവര്‍ത്തനം ഇന്ന് വലിയ ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങള്‍ ഇതിനെതിരേ ശബ്ദം ഉയര്‍ത്തുന്നു. ഇപ്പോള്‍ നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു’ഖേം നാഥ് പറഞ്ഞു. 2004 ലിലാണ് എന്‍.ജെ.പി രൂപീകരിച്ചത്. അന്നുമുതല്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2022ലാണ് എന്‍.ജെ.പിക്ക് തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.

നേപ്പാളി രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടല്‍ സജീവമാണെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. നേപ്പാളിലെ രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വത്തിനെ പ്രചരണം നടത്താനും വര്‍ഗീയത പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ ഫണ്ട് നല്‍കുന്നതായും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

‘ഒറ്റനോട്ടത്തില്‍ എന്‍.ജെ.പിയും ബി.ജെ.പിയെപ്പോലെയാണ്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമാനിറ്റി തന്നെയാണ് ഞങ്ങളുടേയും ആശയം. ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണ്. പ്രത്യയശാസ്ത്രപരമായ മുന്നണിയിലും ഹിന്ദു രാഷ്ട്ര തത്വത്തിലും എന്‍ജെപിയും ബിജെപിയും ഒന്നുതന്നെയാണ്. ബിജെപിയെപ്പോലെ ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച സമഗ്ര മാനവികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ഖേം നാഥ് ആചാര്യ പറയുന്നു.

നേപ്പാളിലെ രാഷ്ട്രീയം സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാതെ ‘മതേതരവാദികളും കമ്മ്യൂണിസ്റ്റുകളും’ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പോലും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോള്‍ സാധ്യമല്ല. 2022ല്‍, അന്നത്തെ ടൂറിസം, സാംസ്‌കാരിക മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) നേതാവുമായ പ്രേം അലെ, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കാഠ്മണ്ഡുവില്‍ വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ, അത്തരമൊരു ആവശ്യം ഉയര്‍ന്നാല്‍ താന്‍ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് അലെ പറഞ്ഞിട്ടുണ്ട്?’ആചാര്യ പറഞ്ഞു.

ആചാര്യയുടെ അഭിപ്രായത്തില്‍, 2027 ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ജെ.പിക്കാണ് കൂടുതല്‍ വിജയ സാധ്യത. പാര്‍ട്ടിക്ക് 40,000 അംഗങ്ങളുണ്ടെന്നും 2027 ലെ തിരഞ്ഞെടുപ്പില്‍ നേപ്പാള്‍ പാര്‍ലമെന്റിലെ 275 സീറ്റുകളില്‍ 100 എണ്ണത്തിലും മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്. പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു, ഇത് ഞങ്ങള്‍ക്ക് ഒരു തുടക്കമാണ്. ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വോട്ടര്‍മാരില്‍ പ്രതിധ്വനിക്കുന്നതിനാല്‍ 2027ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്?’ആചാര്യ പറഞ്ഞു.

നേപ്പാള്‍ ഹിന്ദുരാഷ്ട്രമാക്കണം

നേപ്പാളില്‍ ഹിന്ദു ദേശീയതയുടെ വ്യാപകമായി ശ്രദ്ധനേടുന്ന സമയത്താണ് ആചാര്യയുടെ ഇന്ത്യ സന്ദര്‍ശനം. ഈ വര്‍ഷം ഫെബ്രുവരിയില്‍, നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ, രാജ്യത്തെ ‘ഹിന്ദു രാഷ്ട്രം’ ആക്കാനുള്ള പ്രചാരണത്തില്‍ അണി ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ആചാര്യ വിസമ്മതിച്ചു.

‘ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമായിരുന്നു. അതേക്കുറിച്ച്? പുറത്തുപറയുന്നത്? ബുദ്ധിയല്ല. ഞങ്ങള്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയെപ്പോലുള്ള നിരവധി നേതാക്കളെ കണ്ടു.ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെയും കണ്ടു. നേതാക്കളെ കണ്ടത് അവര്‍ക്ക്? സംഘപരിവാര്‍ പശ്ചാത്തലമുള്ളതുകൊണ്ടാണ്. ഞാനും ഒരു സംഘ നേതാവാണ്. ബി.ജെ.പിക്കും സംഘ പശ്ചാത്തലമുണ്ട്. അതുകൊണ്ടാണ് നേതാക്കളെ കാണാനും ഞങ്ങളുടെ അഭിപ്രായങ്ങള്‍ കൈമാറാനും ശ്രമിച്ചത്’ ആചാര്യ പറഞ്ഞു.

നേപ്പാളിലെ എല്ലായിടത്തും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ‘മതപരമായ വീക്ഷണകോണില്‍, ഇത് ലക്ഷ്മിയുമായും ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞങ്ങള്‍ താമര ചിഹ്നം സ്വീകരിക്കുകയും അത് ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി മാറുകയും ചെയ്തത്’ അദ്ദേഹം പറഞ്ഞു. ‘വേദങ്ങളുടെ ഉത്ഭവം നേപ്പാളിലാണ്. ദീന്‍ദയാല്‍ ജി ഈ തത്ത്വചിന്തയ്ക്ക് ഒരു ലിഖിത രൂപം നല്‍കി. കുറച്ച് കാലമായി ബി.ജെ.പി ഈ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അല്‍പ്പം വൈകിയാണെങ്കിലും ഞങ്ങളും അതേ പ്രത്യയശാസ്ത്രം പിന്തുടരുകയാണ്’ആചാര്യ പറഞ്ഞു.

നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ഹിന്ദു സമാജം നേതാക്കളെ കാണാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു’ഖേം നാഥ് ആചാര്യ പറഞ്ഞു.

webdesk13: