X
    Categories: gulfNews

നിയോം സിറ്റി ലോകാത്ഭുതമാകും

സഊദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോം സിറ്റി രണ്ട് വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. ദി ലൈന്‍ എന്ന പേരിലുള്ള ഭാവി പാര്‍പ്പിട നഗര പദ്ധതി ലോകത്തെ അത്ഭുതങ്ങളില്‍ ഒന്നാകുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ഡിസൈന്‍ തിങ്കളാഴ്ച്ച രാത്രി ജിദ്ദയില്‍ പുറത്തിറക്കി. അമ്പതിനായിരം കോടി ഡോളറാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്നും ആദ്യ ഘട്ടത്തില്‍ സഊദി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് മുപ്പത്തിരണ്ടായിരം കോടി ഡോളര്‍ സമാഹരിക്കുമെന്നും എണ്ണൂറ് കോടി വരെ സര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്നും നിയോം സിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പൂര്‍ത്തിയാകുന്നതോടെ ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയോളം ഡോളര്‍ ചെലവാകും.

2017 ല്‍ പ്രഖ്യാപിച്ച നിയോമില്‍ ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് അഭൂതപൂര്‍വമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്ന നാഗരിക വിപ്ലവമാണ് ദി ലൈന്‍ പദ്ധതിയെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 170 കിലോമീറ്റര്‍ നീളവും 500 മീറ്റര്‍ ഉയരവും 200 മീറ്റര്‍ വീതിയുമുള്ള ദി ലൈന്‍ പദ്ധതി ലോകത്തെ അപൂര്‍വ നഗരങ്ങളിലൊന്നായി മാറും. കിനാവില്ലെന്ന പോലെ കണ്ണാടി കൂട്ടില്‍ അണിഞ്ഞൊരുങ്ങുന്ന നഗരം പ്രകൃതിദത്തമായ അന്തരീക്ഷത്തിലായിരിക്കും. നഗര ജീവിതത്തെ സുരക്ഷിതമാക്കാന്‍ ലോകത്തിന് മുന്നില്‍ മാതൃകയാവും ദി ലൈന്‍ പദ്ധതി.

90 ലക്ഷം പേര്‍ താമസിക്കുന്ന ദി ലൈന്‍ നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് 20 മിനിറ്റുനുള്ളില്‍ എത്താന്‍ തക്ക രീതിയിലുള്ള അതിവേഗ ഗതാഗത സംവിധാനവും ഉണ്ടാകും. വെറും അഞ്ചു മിനിറ്റിനകം തങ്ങളുടെ ആവശ്യങ്ങള്‍ ലഭ്യമാകുന്ന വിധത്തിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. താമസക്കാര്‍ക്ക് കാല്‍നടയായി തന്നെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന നഗരത്തില്‍ കാറുകളോ മറ്റു വാഹനങ്ങളോ ഉണ്ടാകില്ല. പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോണമസ് സര്‍വീസുകളുണ്ടാകും.

Chandrika Web: