നെന്മാറ ഇരട്ടക്കൊലകേസ്; 133 സാക്ഷികള്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. ആലത്തൂര്‍ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക. ചെന്താമര ഏക പ്രതിയായ ഇരട്ടക്കൊലപാതക കേസില്‍ മുപ്പതിലധികം രേഖകളും, ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

500 ലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. മൊഴിയുടെ പകര്‍പ്പുള്‍പ്പെടെ കുറ്റപത്രത്തിലുണ്ടാവും. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും ചിറ്റൂര്‍ കോടതിയില്‍ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ടാകും. തൃശൂര്‍ റേഞ്ച് ഡിഐജി നല്‍കിയ കൂട്ടിച്ചേര്‍ക്കലുകളും രേഖയാക്കി വെളളിയാഴ്ചയോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

ജനുവരി 27നാണ് വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

webdesk18:
whatsapp
line