X

വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം: ഡല്‍ഹി കാലപ കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോളമിസ്റ്റ് ഡോ. നെല്‍സണ്‍ ജോസഫ്. ഡല്‍ഹി പൊലീസ് നടപടിക്കെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ രംഗത്ത് വന്നിട്ടും എംബി രാജേഷ് ഇപ്പോഴും ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്‍സന്റെ കുറിപ്പ്. ഒരുപാട് കൊല്ലം പാര്‍ലമെന്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരില്‍ ഒരാളെന്ന് പേരു കേള്‍പ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരന്റെ നിലവാരത്തിലേക്ക് തരം താഴരുതെന്ന്, നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഡോ.നെല്‍സണ്‍ ജോസഫ് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

മുൻ എം.പി ശ്രീ എം.ബി രാജേഷിന് ഒരു തുറന്ന കത്ത്.
പ്രിയപ്പെട്ട ശ്രീ എം.ബി രാജേഷ്,
അങ്ങ് ഒരു മികച്ച വാഗ്മിയാണ്. നന്നായി സംസാരിക്കാനും എഴുതാനും അറിയാവുന്നയാളാണ്.
സഖാവ് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, പ്രൊഫ.ജയതി ഘോഷ്,പ്രൊഫ.അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകൾ ഡൽഹി പൊലീസ് സപ്ലിമെൻ്ററി ചാർജ് ഷീറ്റിൽ പരാമർശിച്ചതിനെക്കുറിച്ച് അങ്ങെഴുതിയ ഫേസ്ബുക് പോസ്റ്റ് വായിച്ചു.
എന്താണ് വിഷയം എന്ന് പ്രതിപാദിക്കുന്ന ആദ്യ പാരഗ്രാഫ് ഒഴിച്ചുനിർത്തിയാൽ അങ്ങയുടെ പോസ്റ്റിന് മൂന്ന് പാരഗ്രാഫുകളാണുള്ളത്. ആ മൂന്ന് പാരഗ്രാഫിൽ രണ്ടിലും മുഴച്ചുനിൽക്കുന്നത് കോൺഗ്രസിനെതിരെയുള്ള ആക്രമണമാണ്.
എൻ്റെ അറിവ് ശരിയാണെങ്കിൽ കേന്ദ്രമോ ഡൽഹിയോ ഭരിക്കുന്നത് കോൺഗ്രസല്ല. ഡൽഹി പൊലീസിൻ്റെ നിയന്ത്രണവും കോൺഗ്രസിനില്ല. എങ്കിലും അങ്ങയുടെ പോസ്റ്റിൽ കോൺഗ്രസിനെതിരെയുള്ള ആക്രമണം ചെറുതല്ല.
10:50 pm ന് അങ്ങ് കോൺഗ്രസിനും ലീഗിനും കേരളത്തിൽ ആഘോഷിക്കാമെന്ന് ഫേസ്ബുക്കിൽ കുറിക്കുന്ന സമയത്തിനു ശേഷം വന്ന രണ്ട് കോൺഗ്രസ് നേതാക്കളുടെ, ഒരുപക്ഷേ അങ്ങയുടെ പാർട്ടിയിലെ അനുഭാവികൾ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്ന രണ്ട് നേതാക്കളുടെ ട്വീറ്റുകൾ കണ്ടിരുന്നു.
രാജ്യത്തെന്താണ് നടക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന ഡോ.ശശി തരൂരിൻ്റെ ട്വീറ്റ് (10:57 ന്).
യഥാർഥ പ്രതികളെ ഒഴിവാക്കി സഖാവ് യെച്ചൂരിയെയും മറ്റുള്ളവരെയും ഉൾപ്പെടുത്തിയ ചാർജ് ഷീറ്റ് ദൗർഭാഗ്യകരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ട്വീറ്റ് (11:01 ന്)
അങ്ങയുടെ കണക്കിൽ അവ രണ്ടും ആഘോഷമായിരിക്കുമല്ലോ.
അനുഭാവികളാൽ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഈ വിഷയത്തിൽ സഖാവ് യെച്ചൂരിക്ക് പിന്തുണ നൽകിയതിനെക്കുറിച്ച് ശ്രീ തരൂരിനോട് സൂചിപ്പിച്ചപ്പോൾ ശരിയുടെ ഒപ്പം നിൽക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ബി.ജെ.പിക്കാർ പോലും ഇപ്പോൾ പറഞ്ഞ് കേൾക്കാറില്ലാത്ത വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചും അങ്ങ് സൂചിപ്പിച്ചുകണ്ടു.
ബി.ജെ.പി സർക്കാരിനെ കൊറോണ, ചൈന, സമ്പദ് വ്യവസ്ഥ മുതലിങ്ങോട്ട് ഏതാണ്ട് എല്ലാ വിഷയങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയെക്കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.
അങ്ങ് അതിനൊപ്പം തുറുങ്കിലടയ്ക്കപ്പെട്ട കഫീൽ ഖാനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയുണ്ടായി. പ്രിയങ്ക ഗാന്ധിയെക്കുറിച്ചും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ചും ഡോ.കഫീൽ ഖാൻ പറഞ്ഞതും അങ്ങ് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കാൻ ശ്രമിക്കണം.
അങ്ങയുടെ പാർട്ടിയുടെ നേതാവിനെ ചാർജ് ഷീറ്റിൽ പരാമർശിച്ച സംഭവത്തിൽ പോലും മൂന്ന് പാരഗ്രാഫിൽ നിന്ന് രണ്ട് പാരഗ്രാഫ് അങ്ങ് കോൺഗ്രസിനായി നീക്കി വയ്ക്കുമ്പൊ അങ്ങ് രണ്ട് കാര്യമാണ് ചെയ്യുന്നത്.
പ്രതിപക്ഷത്തുള്ള രാഹുലിനെയും കോൺഗ്രസിനെയും ആക്രമിക്കുമ്പൊ അങ്ങ് മറ്റുള്ളവർക്ക് ജോലി എളുപ്പമാക്കുകയാണ്. ഒന്നിച്ച് നിൽക്കേണ്ടവരെ ഭിന്നിപ്പിക്കുകയാണ്.
അത് കണ്ട് ആരാണ് ചിരിക്കുന്നത് അങ്ങേക്ക് അറിയാഞ്ഞിട്ടല്ലെ.
ഒന്ന് സൂചിപ്പിക്കാം, പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായത് ഒരൊറ്റ വോട്ടിനെതിരെ മറ്റെല്ലാവരും എന്ന നിലയിലായിരുന്നു…
ഓർമയുണ്ടാവും അങ്ങേയ്ക്കും..
എന്തിനാണ് അങ്ങ് ഈ അവസരത്തിൽ കോൺഗ്രസിനെ ആക്രമിക്കാൻ സമയം കൂടുതൽ നീക്കി വച്ചതെന്ന് അറിയാഞ്ഞിട്ടല്ല.
ഒരുപാട് കൊല്ലം പാർലമെൻ്റിലും പരിസരങ്ങളിലും കഴിഞ്ഞ, മികച്ച സാമാജികരിൽ ഒരാളെന്ന് പേരു കേൾപ്പിച്ച അങ്ങ് വെറുമൊരു ന്യായീകരണക്കാരൻ്റെ നിലവാരത്തിലേക്ക് തരം താഴരുത് .
പക്ഷേ അത് എൻ്റെ വിഷയമല്ല.
ഉറപ്പിച്ച് പറയുന്നു.
സഖാവ് സീതാറാം യെച്ചൂരി, പ്രൊഫസർ ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ് എന്നിവർക്ക് നിരുപാധിക പിന്തുണ.
Unconditional,
Unequivocal
Unlimited support in this case.
ഇത് കോൺഗ്രസുകാരനാണെന്ന് പറഞ്ഞുതന്നെ പറയും
അങ്ങയുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. പക്ഷേ അത് പറയാൻ അങ്ങേക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെ പോരാടും.
ഭാവുകങ്ങൾ.

 

chandrika: