X

നെല്ല്്, റബര്‍ കര്‍ഷകരോട് സര്‍ക്കാരിന്റെ ദ്രോഹം

സംസ്ഥാനത്തിന്റെ രണ്ടു പ്രധാന കാര്‍ഷിക വിളകളായ നെല്ലിന്റെയും റബറിന്റെയും കാര്യത്തില്‍ കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍. കഴിഞ്ഞ സീസണിലെ നെല്ലിന്റെ സംഭരണ വിലയില്‍ ഇനിയും കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. കേരളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിലും കോട്ടയത്തും തൃശൂരും മറ്റുമായി 387.69 കോടി രൂപയാണ് കര്‍ഷകരുടെ നെല്ലു സംഭരണവിലയുടെ കുടിശിക. കുട്ടനാട്ടെയും തൃശൂരിലെയും നെല്ല് സംഭരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം അവ നശിച്ചുപോകുന്നതും മറ്റൊരു ദുരവസ്ഥ. ഇതിനിടെയാണ് റബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശയിലാഴ്ത്തിക്കൊണ്ട് സംസ്ഥാനത്തെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം. തേങ്ങ, നാളികേരം സംഭരണവും നിലച്ചപ്പോള്‍ അടയ്ക്ക, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വില ദയനീയമാണ്. കര്‍ഷക പെന്‍ഷന്‍ ഈ സര്‍ക്കാര്‍വന്ന ശേഷം കുടിശികയാണ്. വിള ഇന്‍ഷൂറന്‍സ് വകയില്‍ സ്വകാര്യ കമ്പനികള്‍ ഇരുപതിനായിരത്തിലധികം കോടി തട്ടിയെടുത്തെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണിതെല്ലാം.

നെല്ലു സംഭരണത്തില്‍ റിക്കാര്‍ഡ് കുടിശികയാണ് സംസ്ഥാനത്തിപ്പോഴുള്ളത്. കഴിഞ്ഞ രണ്ടാംവിളയുടെ മാര്‍ച്ച്-ഏപ്രിലില്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് കൊടുത്തുതീര്‍ക്കാതെ കര്‍ഷകരെ നെട്ടോട്ടമോടിക്കുന്നത്. ഇപ്പോള്‍ ഒന്നാംവിള വിതയ്ക്കും മഴയ്ക്കും സമയമായിരിക്കെ ചെലവിനുള്ള തുകയില്ലാതെ നട്ടംതിരിയുകയാണ് നെല്‍ കര്‍ഷകര്‍. തുക എന്നു നല്‍കുമെന്നുപോലും സര്‍ക്കാര്‍ പറയുന്നില്ല. ഏറ്റവും കൂടുതല്‍ കുടിശിക ആലപ്പുഴ ജില്ലയിലാണ്- 184 കോടി രൂപ. കോട്ടയം -72 കോടി, തൃശൂര്‍- 70.45 കോടി, പാലക്കാട് 18.5 കോടി, പത്തനംതിട്ട 17.9 കോടി, മലപ്പുറം 12 കോടി രൂപ എന്നിങ്ങനെയാണ് നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വകയില്‍ കൊടുത്തുതീര്‍ക്കാനുള്ളത്.
ഇത്തവണത്തെ കടുത്ത വരള്‍ച്ച കാരണം വന്‍തോതില്‍ ഉല്‍പാദനക്കുറവാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് അഞ്ചിലൊന്നു സ്ഥലത്തുപോലും ഇത്തവണ രണ്ടാം വിള ഇറക്കിയിട്ടില്ല. അതിന്റെ തെളിവാണ് പാലക്കാട്ട് ഒന്നാം വിളക്ക് സംഭരിച്ച 1.30 ലക്ഷം ടണ്‍ രണ്ടാം വിളയില്‍ 21 962 ആയി കുറഞ്ഞത്. ഒന്നാംവിളക്ക് നില മുഴുതലും മറ്റും നടത്തേണ്ട സമയത്ത് കടം തേടിയലയുകയാണ് ചെറുകിട കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ ഇടതുപക്ഷമാണ് ഇത്രയും വലിയ കുടിശിക വരുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായ 14.70 രൂപ പോലും കൊടുക്കാന്‍ കൂട്ടാക്കുന്നില്ല. 22.50 രൂപയില്‍ ബാക്കിയുള്ള 7.80 രൂപയായ സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിലാണ് കോടികളുടെ കുടിശിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്രം പ്രഖ്യാപിച്ച നോട്ടു നിരോധനം മൂലം കര്‍ഷകര്‍ പലരും കടംവാങ്ങിയാണ് കൃഷിയിറക്കിയത്. ഇത് കൊടുത്തുതീര്‍ക്കാന്‍ പോലും പിന്നീടുണ്ടായ വരള്‍ച്ച മൂലം കഴിഞ്ഞിട്ടില്ല. ജലക്ഷാമം മൂലം നെല്ലിന്റെ പുഷ്ടി കുറഞ്ഞെന്നും വേണ്ടത്ര ഉണങ്ങിയില്ലെന്നുമൊക്കെ കാട്ടി കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ലുമായി ഇപ്പോള്‍ മില്ലുകള്‍ കര്‍ഷകരെ തിരിച്ചയക്കുകയുമാണ്. തൃശൂര്‍ കോള്‍, കുട്ടനാട് പ്രദേശങ്ങളില്‍ മില്ലുകള്‍ വെള്ളക്കെട്ടും മറ്റും പറഞ്ഞ് ശേഖരിക്കാത്തതുമൂലം പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യമില്ലുടമകള്‍ക്ക് തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നെല്ലും അരിയും യഥേഷ്ടം വരുന്നതോടെ കേരളത്തിലെ കര്‍ഷകനെ കാണാന്‍ പോലും കൂട്ടാക്കുന്നില്ല. സിവില്‍സപ്ലൈസ് അധികൃതരുടെ ഒത്താശയോടെ മില്ലുടമകള്‍ ചെറുകിട നെല്‍ കര്‍ഷകരെ അമ്മാനമാടുകയാണ് ചെയ്യുന്നത്. നെല്ല് സംഭരിച്ചയുടന്‍ തന്നെ കര്‍ഷകന്റെ അക്കൗണ്ടുകളിലേക്ക് പണമെത്തുമെന്നായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നല്‍കിയ മോഹന വാഗ്ദാനമെങ്കില്‍ അതുപോയിട്ട് ഭാഗികമായ തുകപോലും കൊടുത്തുതീര്‍ക്കാനാവാത്തതിനെ പൊറുക്കാനാകാത്ത അപരാധമായേ കാണാനാകൂ.
റബറിന്റെ കാര്യത്തില്‍ രാജ്യത്തെ എട്ടര ലക്ഷത്തോളം ടണ്ണില്‍ തൊണ്ണൂറ് ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളമാണ്. 2012ല്‍ കിലോഗ്രാമിന് 245 രൂപ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ നേര്‍ പകുതിയിലേക്ക് ചുരുങ്ങിയിരിക്കുന്നത്. ഒരുഘട്ടത്തില്‍ 90 രൂപ വരെയായി വില തകര്‍ന്നടിഞ്ഞപ്പോള്‍ പോലും വ്യവസായികളുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചത്. ഉത്പാദനം ഇപ്പോള്‍ മുപ്പത് ശതമാനം വരെ കുറഞ്ഞ് ആറു ലക്ഷം ടണ്ണായതിന് കാരണം കുത്തനെയുള്ള വിലയിടിവാണ്. റബര്‍ നയവും റബര്‍ ബോര്‍ഡും റബര്‍ കൃഷിയും തന്നെ ഇല്ലാതാക്കുകയാണോ കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ഒരുവിധ മുന്നറിയിപ്പുമില്ലാതെ കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടുന്നതായി റബര്‍ബോര്‍ഡ് പ്രഖ്യാപിച്ചത്. 44 മേഖലാ ഓഫീസുകളില്‍ 26 എണ്ണം കേരളത്തിലാണ്. പത്തു ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ ആശ്രയിക്കുന്ന റബര്‍ ബോര്‍ഡ് ഓഫീസുകളാണ് ഇവ. 1947ല്‍ ഉണ്ടാക്കിയ റബര്‍ നിയമത്തെതന്നെ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ വന്‍കിട റബര്‍തോട്ടമുടമകള്‍ കൈകാര്യം ചെയ്യുന്ന റബര്‍ കയറ്റുമതിഏജന്‍സിയില്‍ ബോര്‍ഡിനെ ലയിപ്പിക്കാനാണത്രെ നീക്കം. റബര്‍ കാര്യത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം വര്‍ഷങ്ങളായി വെട്ടിക്കുറച്ചുവരികയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. അടുത്തിടെയാണ് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുള്ള ഐ.എ.എസുകാരനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തരംതാഴ്ത്തിയത്.
കിലോക്ക് ഇരുന്നൂറിലധികം രൂപ കിട്ടിയിരുന്ന റബറിന് നൂറിനടുത്തെത്തിയിട്ടും കര്‍ഷരുടെ സംരക്ഷണത്തിന് എത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി കുറക്കുകയും ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വൈരനിര്യാതന ബുദ്ധിയാണ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതികളെല്ലാം ബധിര കര്‍ണങ്ങളില്‍ പതിക്കുന്ന അനുഭവമാണ് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലസീതാരാമന്‍ കേരളീയരോട് കാട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അനുവദിക്കാറുള്ള വില സ്ഥിരതാനിധിയില്‍ നിന്ന് നയാപൈസ പോലും അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ ആയിരം കോടി രൂപ അനുവദിക്കണമെന്ന് നിവേദനം നല്‍കിയതല്ലാതെ റബര്‍ കര്‍ഷകരുടെ ഈ നിലനില്‍പിന്റെ പ്രശ്‌നത്തില്‍ കടുത്ത ആലസ്യമാണ് പ്രകടിപ്പിച്ചത്. പാര്‍ലമെന്ററി സമിതി റബര്‍ കര്‍ഷകരെയും വ്യവസായികളെയും കണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനും സര്‍ക്കാര്‍ പുല്ലുവില പോലും കാട്ടിയില്ല. മാത്രമല്ല, 2014ല്‍ 4.42ലക്ഷം ടണ്ണായിരുന്ന റബര്‍ ഇറക്കുമതി തൊട്ടടുത്ത വര്‍ഷം 4.52 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയും കയറ്റുമതി 2014ല്‍ 1002 ടണ്ണായിരുന്നത് 2017ല്‍ 9000 ടണ്ണായി കുറക്കുകയും ചെയ്തു. മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ എല്ലൊടിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളുടെ രീതി അധ:പതനത്തിന്റെ തുടക്കമായേ കാണാനാകൂ.

chandrika: