X

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; അമിത്ഷായും നിതീഷും ചര്‍ച്ച നടത്തി

പാറ്റ്‌ന: ബിഹാറില്‍ ജെഡിയുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് ഷാ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച.

സീറ്റു വിഭജനത്തെപ്പറ്റിയും ചര്‍ച്ച ചെയ്തതായാണ് സൂചന. ഇരുവരും തമ്മിലുള്ള കൂടികാഴ്ച 50 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ജെഡിയു-ബിജെപി സഖ്യമാണ് ബീഹാറില്‍ ഭരിക്കുന്നത്. അമിത് ഷാ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ജെഡിയു എന്‍ഡിഐ പാളയത്തിലെത്തിയത്.

രാവിലെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടികാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായി, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവര്‍ അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. നിതീഷ് കുമാറിനെ ചൊല്ലി പ്രതിപക്ഷം നുണച്ചിറക്കുന്നത് മതിയാക്കുക. ഞങ്ങളുടെ പങ്കാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഞങ്ങള്‍ക്ക് അറിയാമെന്നും അവര്‍ക്കൊപ്പം ഞങ്ങള്‍ ദൂരങ്ങള്‍ താണ്ടുമെന്നും, കൂടിക്കാഴ്ചക്ക് ശേഷം ഷാ പ്രത്യാക്ഷ പ്രകടിപ്പിച്ചു.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. രണ്ട് സീറ്റുകളിലായിരുന്നു ജെഡിയുവിന്റെ ജയം.
മഹാസഖ്യം ഉപേഷിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലെത്തിയ ശേഷം ആദ്യമായാണ് അമിത് ഷാ ബീഹാറിലെത്തുന്നത്. ബിജെപി സംസ്ഥാന നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം നിതീഷ് ഒഴിയുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ നടന്ന ജെഡിയു ഉന്നതാധികാര യോഗത്തില്‍ സഖ്യം തുടരണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.

chandrika: