പാരീസ്:റഷ്യയില്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ക്കായിരുന്നു കാര്യമായ പേരുദോഷം. നന്നായി കളിച്ചിട്ടും മൈതാനത്തെ അഭിനേതാവ് എന്ന പേരാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്. ഏറ്റവുമധികം ട്രോളുകള്‍ പിറന്നത് നെയ്മറുടെ പേരിലായിരുന്നു. ലോക ഫുട്‌ബോളില്‍ ഇത്രയും മികച്ച അഭിനേതാവ് മറ്റാരാണെന്നായിരുന്നു വലിയ ചോദ്യം. ഓസ്‌ക്കാര്‍ പുരസ്‌ക്കാരം പോലും നെയ്മര്‍ക്ക്് നല്‍കണമെന്ന് വരെ ചിലര്‍ ട്രോളിറക്കി. ലോകകപ്പ് വേളയില്‍ മൈതാനത്ത് ചില അഭിനയം താന്‍ നടത്തിയിരുന്നു എന്ന് സമ്മതിക്കുകയാണിപ്പോള്‍ പി.എസ്.ജിയുടെ താരം. പക്ഷേ ആ അഭിനയം കളിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാവരും ഫൗള്‍ ചെയ്യുമ്പോള്‍, ചവിട്ടുമ്പോള്‍, സര്‍ജറി നടത്തിയ കാല്‍ഭാഗത്തിന് കൂടുതല്‍ വേദന വരുമോ എന്ന ആശങ്കയില്‍ ചിലപ്പോഴെല്ലാം വേദന അഭിനയിച്ചിട്ടുണ്ട്. അത് കളിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ബ്രസീലിന്റെ മുന്‍നിരക്കാരന്‍ പറയുന്നത്. കളിയെ ഒരു തരത്തിലും വഞ്ചിച്ചിട്ടില്ല. അതിന് കഴിയുകയുമില്ല. ലോകകപ്പില്‍ എല്ലാവര്‍ക്കും ബ്രസീലിനെക്കുറിച്ച്് വലിയ പ്രതീക്ഷയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ശക്തമായി കളിച്ച ടീമിന് ബെല്‍ജിയത്തോടേറ്റ പരാജയം വന്‍ ആഘാതമായിരുന്നെന്നും തോല്‍വിക്ക്് ശേഷം ആരോടും ഒന്നും പറയാതെ മടങ്ങിയത് സങ്കടം കൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ തന്നെ പിന്തുണച്ചവരോട് നീതി കാണിക്കാനായിട്ടില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നവെന്നും ജില്ലറ്റ് ബ്രസീലിന്റെ ന്യൂ മാന്‍ എന്ന എന്ന പരസ്യ ചിത്രകരണചടങ്ങില്‍ സംസാരിക്കവെ നെയ്മര്‍ പറഞ്ഞു. ലോകകപ്പിന് മുമ്പ് പി.എസ്.ജിക്കായി കളിക്കവെ നേരിട്ട പരുക്കും തുടര്‍ന്ന് നടത്തിയ സര്‍ജറിയും പറഞ്ഞാണ് നെയ്മര്‍ തുടങ്ങുന്നത്. ഒരു വേള ലോകകപ്പ് തന്നെ നഷ്ടമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എതിരാളികള്‍ ബൂട്ട് സ്റ്റഡ് വെച്ച് കുത്തുമ്പോള്‍, നട്ടെല്ലിന് നേരെ കൈ കൊണ്ട് ഇടിക്കുമ്പോള്‍, കാലിന് ചവിട്ടുമ്പോള്‍ വേദന അസഹനീയമാണ്. ആ ഘട്ടത്തിലെ വേദന പ്രകടിപ്പിക്കുമ്പോള്‍ നിങ്ങള്‍ കരുതും അത് അഭിനയമാണെന്ന്. പക്ഷേ ചിലപ്പോഴെല്ലാം ഞാന്‍ അഭിനയിക്കാറുണ്ട്. അത് സമ്മതിക്കുന്നു. ബെല്‍ജിയത്തോട് തോറ്റ ദിവസം പത്രക്കാരോട് സംസാരിക്കാതെ ഞാന്‍ നടന്ന് നീങ്ങിയത് ജയിക്കുമ്പോള്‍ മാത്രമേ സംസാരിക്കു എന്നത് കൊണ്ടല്ല, മറിച്ച് സംസാരിച്ച് എന്തിന് കൂടുതല്‍ നിരാശയുണ്ടാക്കണം എന്ന് കരുതിയാണ്. പരുക്കില്‍ പുളയുന്നതിന് കാരണം പലപ്പോഴും എന്റെ നിരാശ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ്. എന്നിലെ കുട്ടി ഇപ്പോഴും ഉള്ളിലുണ്ട്. ചിലപ്പോള്‍ നന്നായി കളിക്കാനാവുന്നു. മറ്റ് ചിലപ്പോള്‍ നിരാശയും സമ്മാനിക്കുന്നു. പക്ഷേ പലപ്പോഴും എന്റെ ഉള്ളിലെ കുട്ടിയെ മുന്നോട്ട് കൊണ്ട് വരാനാണ് താല്‍പ്പര്യം. അത് മൈതാനത്തല്ല-എന്റെ ഉള്ളില്‍ തന്നെ. ഞാന്‍ ധാരാളം തവണ വീണു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ അതൊന്നും വീഴ്ച്ചകളായിരുന്നില്ല-എന്റെ വേദനകളായിരുന്നു. കാല്‍കുഴ നോക്കി ചിലര്‍ പെരുമാറുമ്പോള്‍ വേദന അസഹനീയമാണ്. എല്ലാവരുടെയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഞാന്‍ കണ്ണാടിയില്‍ എന്നെ തന്നെ നോക്കാറുണ്ട്. ഇപ്പോള്‍ ഞാനൊരു പുതിയ മുനുഷ്യനാണ്. എന്റെ ഹൃദയമിപ്പോള്‍ വിശാലമാണ്. നിങ്ങള്‍ക്ക്് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക്് കല്ലുകള്‍ ദുരെയെറിയാം-എന്നെ ഉണര്‍ത്താന്‍. ഞാന്‍ ഉണരുമ്പോള്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം ഉണരുന്നുണ്ട്- ഈ വാക്കുകളുമായാണ് നെയ്മര്‍ സംസാരം അവസാനിപ്പിക്കുന്നത്.