X

അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം; മല്‍സരം രാത്രി 7-30 മുതല്‍

ദുബായ്: ഒരു ഞായര്‍ മുമ്പായിരുന്നു ആ പോരാട്ടം-ഏഷ്യാ കപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്താനും മുഖാമുഖം. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചുകയറിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍. ഇന്ന് മറ്റൊരു ഞായര്‍. അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം. പോയ വാരത്തിലെ പോരാട്ടം പ്രാഥമിക റൗണ്ടിലായിരുന്നെങ്കില്‍ ഇന്നത് സൂപ്പര്‍ ഫോറിലാണെന്ന് മാത്രം. വന്‍കരയിലെ നാല് പ്രമുഖര്‍ പരസ്പരം കളിക്കുമ്പോള്‍ അതിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ യോഗ്യത നേടുമെന്നതിനാല്‍ ഒരു പക്ഷേ വീണ്ടുമൊരിക്കല്‍ കൂടി ഇതേ വേദിയില്‍ അയല്‍പ്പോരാട്ടം നടന്നാല്‍ അല്‍ഭുതപ്പെടാനുമില്ല. പാകിസ്താനാണ് ഇന്ന ഇന്ത്യയെക്കാള്‍ സമ്മര്‍ദ്ദം. ആദ്യം മല്‍സരം തോറ്റതിനാല്‍ വീണ്ടുമൊരു പരാജയം വലിയ ആഘാതമാവും.

അവസാന മല്‍സരത്തില്‍ ഹോംഗ്‌കോംഗിനെ 155 റണ്‍സിന് കശക്കി നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ബാബര്‍ അസമിന്റെ സംഘം. മുന്‍നിരക്കാരെല്ലാം ഫോമില്‍ നില്‍ക്കുന്നു. മുഹമ്മദ് റിസ്‌വാാനായിരുന്നു ഹോംഗ്‌കോംഗിനെതിരായ പോരാട്ടത്തിലെ കേമന്‍. ഫഖാര്‍ സമാന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. നായകന്‍ അസം വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടില്ല. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം നസീം ഷാ എന്ന സിമറും കരുത്തനാണ്. ഇന്ത്യന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് ഇന്ന് തിരികെ വരും.

അപാര ഫോമിലാണ് ഓള്‍റൗണ്ടര്‍. രവീന്ദു ജഡേജയായിരുന്നു അന്ന് ഹാര്‍ദിക്കിനൊപ്പം പാകിസ്താനെ വീഴ്ത്താന്‍ മുന്‍നിരയിലുണ്ടായിരുന്നത്. ജഡേജ പരുക്കില്‍ പിന്മാറിയ സാഹചര്യത്തില്‍ അക്‌സര്‍ പട്ടേല്‍ വരും. വിരാത് കോലി ദീര്‍ഘകാലത്തിന് ശേഷം അര്‍ദ്ധശതകം നേടി ഫോമിലെത്തിയതും ഇന്ത്യക്ക് കരുത്താണ്. നായകന്‍ രോഹിതും ഓപ്പണര്‍ കെ.എല്‍ രാഹുലും രണ്ട് കളികളിലും നിരാശപ്പെടുത്തിയത് മാത്രമാണ് ഇന്ത്യക്ക് ടെന്‍ഷന്‍. മല്‍സരം രാത്രി 7-30 മുതല്‍.

Test User: