ഹാരിസ് മടവൂര്‍
സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളില്‍ ഉയലുകയാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും. സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയില്‍ കലാപം നിയന്ത്രണാതീതമായതോടെ പ്രധാനമന്ത്രി രാജപക്‌സെ ഇന്നലെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളുടെ ആഭിമുഖ്യത്തില്‍ രാജ്യത്താകമാനം അലയടിക്കുന്ന പ്രതിഷേധങ്ങളെ മറികടക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതായതോടെയാണ് ഗത്യന്തരമില്ലാതെ രാജപക്‌സ പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 36 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രധാന നഗരങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തുന്ന ആരെയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാനും ഭരണകൂടം ഉത്തരവിട്ടിട്ടും ഇതിനെല്ലാം പുല്ലുവില കല്‍പിച്ചുകൊണ്ട് ജനങ്ങളൊന്നാകെ തെരുവിലിറങ്ങി അറബു വസന്തത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഭരണകൂടത്തെ പുറത്തെടുത്തിടുന്ന സാഹചര്യത്തിലേക്കാണ് ലങ്കന്‍ ജനത എത്തിയിരിക്കുന്നത്.
വിദേശ കരുതല്‍ ശേഖരം തകരുകയും അരിയും പഞ്ചസാരയും അടക്കം അവശ്യ സാധനങ്ങളുടെ ഇറക്കുമതി കുറയുകയും ചെയ്തതോടെയാണ് ശ്രീലങ്ക ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കൂത്തിയത്. ഇന്ധനക്ഷാമം കൂടി രൂക്ഷമായതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. രണ്ടു ദിവസമായി പ്രസിഡണ്ട് ഗോദഭയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ചരാത്രി നിരവധി പേര്‍ക്ക് പരിക്കേറ്റതിനെതുടര്‍ന്ന് കൊളംബോയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ജനം വീണ്ടും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ഇതോടെ ജനങ്ങളെ വീട്ടിലിരുത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് പ്രധാനമന്ത്രി രാജിപ്രഖ്യാപനം നടത്തിയത്. പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങിയാണ് രാജപക്‌സെയുടെ തീരുമാനം. നിലവിലവിലെ പ്രതിസന്ധിയില്‍ നിന്ന് ലങ്കയെ രക്ഷിക്കാന്‍ ഈ തീരുമാനം എത്രത്തോളം സഹായകരമാകുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കിലും ജനങ്ങള്‍ വലിച്ചു താഴെയിടുന്ന സാഹചര്യത്തില്‍നിന്നും സര്‍ക്കാറിനെ ഈ നീക്കം താല്‍ക്കാലികമായെങ്കിലും രക്ഷിച്ചേക്കാം.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്. കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് പ്രധാന ധനാഗമ മാര്‍ഗമായ ടൂറിസം മേഖല നിശ്ചലമായതോടെ പ്രതിസന്ധി മൂര്‍ഛിക്കുകയായിരുന്നു. നിലവില്‍ ഒരു കിലോ അരിക്ക് 500 രൂപക്കു മുകളിലും ഒരുകിലോ പഞ്ചസാരക്ക് 270 രൂപക്കു മുകളിലുമാണ് വില. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മണിക്കൂറുകള്‍ വരിനിന്നാണ് ആളുകള്‍ ഇന്ധനവും അവശ്യ സാധനങ്ങളും ശേഖരിക്കുന്നത്. അതും തീവില നല്‍കി. ഇതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. എന്നാല്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്ന പ്രതിസന്ധിയിലകപ്പെട്ട ഏതൊരു ഭരണകൂടത്തിനുമുള്ള ന്യായീകരണം തന്നെയായിരുന്നു ഭരണത്തലവനായ പ്രസിഡണ്ട് ഗോദഭയെ രാജപക്‌സെ ഉയര്‍ത്തിയിരുന്നത്. ഇതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തില്ലെന്നു മാത്രമല്ല സര്‍ക്കാറാണ് എല്ലാ പ്രതിസന്ധികള്‍ക്കും പിന്നിലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് ലങ്ക ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം ഉയര്‍ന്നുവന്നതും ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിക്ക് രാജി പ്രഖ്യാപനം നടത്തേണ്ടി വന്നതും.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ പാകിസ്താനെ അലട്ടുന്നത് രാഷ്ട്രീയ പ്രതിസന്ധിയാണ്. ഭരണപരമായ അസ്തിരത മുഖമുദ്രയായ പാകിസ്താനില്‍ ചരിത്രം കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് ഇമ്രാന്‍ഖാന്റെ കാര്യത്തില്‍ ലോകം ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭരണ പ്രതിസന്ധി മൂന്നു കാര്യങ്ങളാണ് അധികാര കേന്ദ്രം തനിക്കുമുന്നില്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജിവെച്ച് പുറത്തുപോവുക, പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടുക, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നിവയാണത്. പ്രധാനമന്ത്രിയുടെ മുകളിലുള്ള അധികാരകേന്ദ്രം ആരാണ് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. അതതു കാലങ്ങളിലെ ഭരണകൂടങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തുന്ന പാക് സൈന്യം എന്നതാണ് അതിന്റെ ഉത്തരം. ഒരു പാക്പ്രധാനമന്ത്രിയേയും കാലാവധി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിട്ടില്ലാത്ത പാകിസ്താന്‍ സൈന്യത്തിന് അനഭിമതനായി എന്നതാണ് ഇമ്രാന്‍ഖാന്റെയും ഭാവി അപകടത്തിലാക്കിയത്.
അവിശ്വാസ പ്രമേയം നേരിടേണ്ടിവന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാന്‍ പക്ഷേ ഭരണം നിലനിര്‍ത്താന്‍തന്ത്രപരമായ നീക്കങ്ങളാണ് അവസാന നിമിഷം വരെ നടത്തിയത്. ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി പദത്തില്‍നിന്ന് തലതാഴ്ത്തി ഇറങ്ങിപ്പോകേണ്ടിവരുമായിരുന്ന അദ്ദേഹത്തിന് അധികാരം നീട്ടിക്കിട്ടിയത് ഈ അപ്രതീക്ഷിത നീക്കത്തിലൂടെയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ സഹായത്തോടെയാണെന്നും രാജ്യത്തിന്റെ ഭരണകൂടത്തെ അസ്തിരപ്പെടുത്താനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നുമുള്ള ആസൂത്രിതമായ ആരോപണം ഉയര്‍ന്നതോടെ സഭാധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ പതിനഞ്ചിന്റെ പരിധിയിലേക്ക് പ്രശ്‌നത്തെ കൊണ്ടുവന്നതോടെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും അതുവരെയുള്ള മൂന്നുമാസക്കാലം കാവല്‍ പ്രധാനമന്ത്രിയായി തുടരാനുമുള്ള തന്റെ നീക്കത്തിന് ഭരണഘടനാപരമായ സാധുത നല്‍കാനും ഇമ്രാന് സാധിച്ചു. മാത്രവുമല്ല അധികാരത്തിലിരുന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിലൂടെയുള്ള മുന്‍തൂക്കവും അദ്ദേഹം ഇതിലൂടെ ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചതും കോടതി സ്വമേധയാ കേസെടുത്തതും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി 2018 ല്‍ വന്‍ പ്രതീക്ഷയോടെയാണ് അധികാരത്തിലേറിയതെങ്കിലും സൈന്യത്തെ മറികടന്ന് പാകിസ്താന്‍ രാഷ്ട്രീയത്തില്‍ ഒന്നും സാധ്യമല്ലെന്ന് ഇമ്രാന്‍ഖാനും കൂട്ടര്‍ക്കും ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്.