നജീബ് കാന്തപുരം എം എല്‍ എ എഴുതുന്നു
കന്യാകുമാരിയുടെ തിരമാലകളില്‍ ചവിട്ടി ഇന്ത്യയുടെ പാദങ്ങളില്‍ ചുംബിച്ച് തുടങ്ങിയ ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞു പെയ്യുന്ന കവിളില്‍ മുത്തം വെച്ചിരിക്കുന്നു.
ഇന്ത്യയുടെ ചൂടും തണുപ്പും കാറ്റും കോളും നെഞ്ചിലേറ്റു വാങ്ങി ഒരു മഹാത്മാവ് ജനിച്ചിരിക്കുന്നു.
ഇന്ത്യയുടെ യഥാര്‍ത്ഥ മനുഷ്യരെ കണ്ടു മുട്ടി അവരുടെ വ്യഥകളും സ്വപ്നങ്ങളുമറിഞ്ഞ്, അവരുടെ കരുത്തും ദൗര്‍ബല്ല്യങ്ങളുമറിഞ്ഞ് മതങ്ങളും സംസ്‌കാരങ്ങളും വൈവിധ്യങ്ങളും തിരിച്ചറിഞ്ഞ് ഒരു പുതിയ ആശയം പിറന്നിരിക്കുന്നു. വെറുപ്പിന്റെ തെരുവില്‍ സ്‌നേഹത്തിന്റെ കട തുറന്ന് വെക്കാന്‍ ധൈര്യമുള്ളവരാവുക.
രാഹുല്‍ ജീ, രണ്ട് അഭിമാനങ്ങള്‍ പങ്കു വെക്കുന്നു.
ഒന്ന്, അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനം. ഒരു ദിവസമെങ്കിലും അങ്ങ് കൊണ്ട വെയിലേറ്റു വാങ്ങി കൂടെ നടക്കാന്‍ കഴിഞ്ഞ അഭിമാനം.
ഇനി പറയട്ടെ, ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ധീരനായ മനുഷ്യനാരാണെന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ നാം പറഞ്ഞു കൊടുക്കണം രാഹുല്‍ ഗാന്ധിയെന്ന്.
പരിഹസിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, ഭയം കൊണ്ട് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ, നിങ്ങളുടെയെല്ലാം ആത്മവിശ്വാസമാണ് ഈ മനുഷ്യന്‍. ഇന്ത്യയെ കണ്ടെത്തിയ പണ്ഡിറ്റ് നെഹ്രുവിന്റെ പേരക്കുട്ടി ഇന്ത്യയെ കീഴടക്കിക്കഴിഞ്ഞു എന്ന് നമുക്കുറപ്പിക്കാം.
നെഞ്ചു പിളര്‍ന്നാലും ആര്‍.എസ്.എസിനോട് രാജിയില്ലെന്ന് ഇത്ര ക്ലാരിറ്റിയോടെ സംസാരിക്കുന്ന ഈ മനുഷ്യനോടൊപ്പമല്ലാതെ രാജ്യസ്‌നേഹിയായ ഒരാള്‍ മറ്റാരുടെ കൂടെ നില്‍ക്കും.