X

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്റു ട്രോഫി വള്ളംകളിയും സി.ബി.എല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

നെഹ്റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. നെഹ്റു ട്രോഫിയുടെ തനത് സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സി.ബി.എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.

സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഇഫ്രസ്ട്രച്കര്‍ സബ് കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍, മുന്‍ എം.എല്‍.എ. മാരായ സി.കെ. സദാശിവന്‍, എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 68-ാമത് നെഹ്റു ട്രോഫി ബോട്ട് റേസിന്റെ സുവിനിയര്‍ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

 

webdesk11: