X

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ ആലപ്പുഴയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്ന വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. 28ന് ഉച്ചക്കു രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

വള്ളംകളിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ അരങ്ങേറുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

 

 

webdesk17: