ന്യൂഡല്‍ഹി: ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരു മാറ്റി മോദി സര്‍ക്കാര്‍. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രററി സൊസൈറ്റി എന്നാക്കിയാണ് പുനര്‍ നാമകരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചരിത്രത്തില്‍ നിന്ന് നെഹ്റുവിയന്‍ അടയാളങ്ങള്‍ മായ്ച്ചു കളയാനുള്ള മോദിയുടെ ശ്രമം അല്‍പ്പത്തരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ചരിത്രത്തില്‍ സ്വന്തമായി ഒന്നും അടയാളപ്പെടുത്താന്‍ ഇല്ലാത്ത മോദിയും ബി.ജെ.പിയും പൂര്‍വികരുടെ ചരിത്രം മോഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേരുമാറ്റുമെന്ന് കഴിഞ്ഞ ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ പേരു നല്‍കിയത്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് തീന്‍ മൂര്‍ത്തി മാര്‍ഗിലെ നെഹ്റു മെമ്മോറിയല്‍. ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. രാജ്യം സ്വതന്ത്രമായതോടെ ഇത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി മാറി. ഇന്ത്യയുടെ രാഷ്ട്ര നിര്‍മ്മിതിയില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടതും നിര്‍ണായകമായ പല ചര്‍ച്ചകളും നടന്നത് ഇവിടെയായിരുന്നു. നെഹ്റുവിന്റെ വിയോഗത്തെതുടര്‍ന്നാണ് കെട്ടിടം അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള മ്യൂസിയവും ലൈബ്രറിയുമാക്കി മാറ്റിയത്. ഡല്‍ഹിയുടെ ചരിത്രം തേടിയെത്തുന്നവരുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്നും നെഹ്റു മ്യൂസിയം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നെഹ്റു കാലത്തെ അടയാളങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നെഹ്റു മെമ്മോറിയല്‍ ലൈബ്രറിക്കു സമീപം പ്രധാനമന്ത്രി സംഗ്രഹാലയ എന്ന പേരില്‍ മറ്റൊരു നിര്‍മ്മിതി കൂടി പണിതു. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയുടെ മുഴുവന്‍ പ്രധാനമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ് പ്രധാനമന്ത്രി സംഗ്രഹാലയ. കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. ഇതിനു പിന്നാലെയാണ് നെഹ്റു മെമ്മോറിയലിനെ തന്നെ ഇല്ലാതാക്കിയത്. നേരത്തെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും പേരിലുള്ള നിരവധി കേന്ദ്ര പദ്ധതികളുടെ പേരുകളും ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ മാറ്റിയിരുന്നു.
മോദിയെ ഭരിക്കുന്നത് ഭയവും അരക്ഷിത ബോധവും അഹംഭാവവുമാണെന്ന് ജയറാം രമേശ് ആരോപിച്ചു. ലോകം അംഗീകരിക്കുന്ന നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഇപ്പോള്‍ പ്രധാനമന്ത്രി ലൈബ്രറിയായി പേരുമാറ്റിയിരിക്കുന്നു. നെഹ്റുവിയന്‍ പൈതൃകത്തെ തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. ഒറ്റ അജണ്ടയേ അവര്‍ക്കുള്ളൂ. നെഹ്റുവിന്റെ അടയാളങ്ങളെ ഇല്ലാതാക്കുക. അതിനായി അവര്‍ എന്‍ മാറ്റി പി സ്ഥാപിച്ചിരിക്കുകയാണ്. പി എന്നാല്‍ പെറ്റിനെസ്സ് ആന്റ് പീവ് (അല്‍പ്പത്തരവും വിദ്വേഷവും) എന്നാണര്‍ത്ഥം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെയോ ഇന്ത്യയുടെ നിര്‍മ്മിതിയിലേയോ നെഹ്റുവിന്റെ അടയാളങ്ങളെ ഇല്ലാതാക്കാന്‍ ഇതു കൊണ്ടൊന്നും കഴിയില്ല. ഈ രാജ്യത്തെ അനേകം കോടി മനുഷ്യരുടെ മനസ്സില്‍ നെഹ്റുവിയന്‍ പൈതൃകം കോട്ടമില്ലാതെ തുടരുമെന്നും ജയറാം രമേശ് പറഞ്ഞു.