X

നെഹ്രുകുടുംബം ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി; വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി.യും രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രചരണം. 35 വര്‍ഷത്തിനുശേഷം നെഹ്രുകുടുംബം ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുമായി ബന്ധപ്പെട്ട അഭ്യൂഹം പരക്കുന്നത്.

കുറേ നാളായി ബി.ജെ.പി നേതൃത്വവുമായി അകല്‍ച്ചയിലാണ് വരുണ്‍ഗാന്ധി. ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും ഇപ്പോള്‍ വരുണ്‍ പങ്കെടുക്കാറില്ല. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെുടുപ്പിലും വരുണ്‍ ഗാന്ധി ബി.ജെ.പി നിരയില്‍ തെളിഞ്ഞിരുന്നില്ല.

35 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെഹ്രു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ഗാന്ധിയെ ബിജെപി അടുത്ത കാലത്തായി തഴയുന്നതായും മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിന്റെ പ്രതികരണമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ഹാജി ജമാലുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു.

chandrika: