X

നെഹ്‌റു വിവാദത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശശിതരൂര്‍ എംപി. സ്വന്തം സഹോദരിയെ ആലിംഗനം ചെയ്യുന്നതിനെ മോശമായി കാണുന്നത് ബിജെപിക്കാര്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയും അവരുടെ മകളെയും നെഹ്റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. ബിജെപിയുടെ ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ചിത്രങ്ങള്‍ മോശമായി പുറത്തുവിട്ടത്. ഇതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മറുപടിയുമായി ശശി തരൂര്‍ രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം നെഹ്റുവിന്റെ നയങ്ങളെ മാത്രമല്ല, സ്വകാര്യ ജീവിതത്തെയും വിമര്‍ശിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
‘സ്വന്തം സഹോദരിയെ കെട്ടിപ്പിടിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമാണ് മോശമായി തോന്നുക. സ്വകാര്യ ജീവിതത്തില്‍ ഒളിക്യാമറ വയ്ക്കുന്നതു വരെ മൂല്യ ച്യൂതി നേരിടുന്ന രാഷ്ട്രീയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഹാര്‍ദിക് പട്ടേലിന്റെ വീഡിയോകള്‍ പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണ്.’-തരൂര്‍ പറഞ്ഞു. വികസനത്തെക്കുറിച്ചും, തൊഴിലില്ലായ്മയെക്കുറിച്ചും പറയാനില്ലാത്തതിനാലാണ് ബിജെപി ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

chandrika: