ഗുരുഗ്രാം: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ അധോലോക നായകന്‍ സമ്പത്ത് നെഹ്‌റ അറസ്റ്റില്‍. ഹരിയാന പൊലീസിന്റെ പ്രത്യേക ദൗത്യസേന നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദില്‍ ഇയാളെ അറസ്റ്റു ചെയ്തത്.
സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കിയതും ശ്രമങ്ങള്‍ നടത്തിയതായും നെഹ്‌റയായിരുന്നുവെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലുമെത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
സല്‍മാന്റെ യാത്രകളും പോക്കുവരവുകളും രേഖപ്പെടുത്തുകയും ആക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും തീരുമാനിക്കുകയും ചെയ്തതായി ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം തലവന്‍ സതീഷ് ബാലന്‍ പറഞ്ഞു.
ഛണ്ഡിഗഡ് പൊലീസിലെ ഇന്‍സ്‌പെക്ടറുടെ മകനായ സമ്പത്ത് നെഹ്‌റ ലോറന്‍സ് ബിഷ്‌നോയിയുടെ അധോലോക സംഘത്തിലെ പ്രധാന അംഗമാണ്. കൊലപാതകം, കാര്‍ മോഷണം, കൊള്ള തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാര്‍ മോഷണവുമായി ബന്ധപ്പെട്ട് 2016ല്‍ പൊലീസ് പിടിയിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
പട്യാല ജയിലില്‍ കഴിയുമ്പോഴാണ് ഇയാള്‍ ബിഷ്‌നോയിയുമായി സൗഹൃദത്തിലാകുന്നത്.
ജനുവരിയാണ് സല്‍മാന്‍ ഖാനു നേരെ വധ ഭീഷണിയുണ്ടായത്. ജയിലില്‍ കഴിയുന്ന ബിഷ്‌നോയി ഫോണ്‍ മുഖേന തന്റെ അനുചരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇങ്ങനെയാണ് സല്‍മാനെ വധിക്കാനുള്ള പദ്ധതി നെഹ്‌റയെ ഏല്‍പ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.