കേരളത്തിന്റെ ഇതര മേഖലകളുമായിതാരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിനു ഇരയായിട്ടുണ്ടെന്നു കാണാം. വിദ്യാഭ്യാസ മേഖലയിലും അവസ്ഥ മറിച്ചല്ല. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്‍മെന്റ്/ എയ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ്‌വണിന് അനുവദിക്കപ്പെട്ടില്ല. എന്നാല്‍, പ്ലസ്.വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍ തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ.് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസില്‍ വിജയ ശതമാനം കുറവായതിനാല്‍ ഈ സീറ്റുക്ഷാമം വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുകയാണ്. 2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ് പാസായത്. പൊതുവെ സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ്.വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കന്‍ ജില്ലകളില്‍ വര്‍ധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന സീറ്റുകളാണ്.
മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. ഇവിടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും പത്താം ക്ലാസ് എഴുതിയവരേക്കാള്‍ കുടുതല്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ ഉണ്ട്. ഗവണ്‍മെന്റ് മേഖലയില്‍തന്നെ മറ്റു ഉപരിപഠന കോഴ്‌സുകളും ഈ ജില്ലകളില്‍ വേറെയുണ്ട്. പ്ലസ്.വണിനു പുറമെ പൊതുമേഖലയിലെ എല്ലാ ഉപരിപഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറില്‍ നാല്‍പ്പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പുറത്തു തന്നെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്തതിനാല്‍ അന്‍പതിലധികം ഹയര്‍ സെക്കന്ററി ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നു വെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ്.ടു അനുവദിച്ചിട്ടില്ലാത്ത ഈ ജില്ലകളിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യാനുസരണം അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുക എന്നിവയാണ് മലബാര്‍ മേഖല ഇന്ന് അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍.
അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനവിഷയത്തില്‍ പ്രതിസന്ധി നേരിടുന്നത്. പേരിനുമാത്രം നല്‍കുന്ന വര്‍ധനവ് മൂലം കാല്‍ലക്ഷം സീറ്റുകള്‍ ആവശ്യമുള്ള മലപ്പുറം ജില്ലക്ക് പോലും ലഭിക്കുക വെറും എട്ടായിരത്തോളം സീറ്റുകളാണ്. ഒരു അധ്യയനവര്‍ഷം കഴിഞ്ഞാല്‍ ഈ താല്‍കാലിക വര്‍ധനവിന്റെ പ്രാബല്യം സ്വയം റദ്ദാവുകയും ചെയ്യും. പിറ്റേ വര്‍ഷവും വീണ്ടുമിതേ ഇരുപത് ശതമാനം പ്രഖ്യാപിക്കും. അമ്പത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള ക്ലാസില്‍ അറുപത് കുട്ടികള്‍ വരെ പഠിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നത്. അത് സൃഷ്ടിക്കുന്ന അക്കാദമിക് പ്രശ്‌നങ്ങള്‍ അനവധിയാണ്. മലബാറിലുള്ളവര്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്ന ഭാവമാണ് പലര്‍ക്കും.
മലപ്പുറത്ത് നിന്നും 77,691 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ.്എസ.്എല്‍.സി പരീക്ഷയെഴുതിയത്. ഇവര്‍ക്ക് ആകെയായി അമ്പതിനായിരത്തില്‍ പരം സീറ്റുകള്‍ മാത്രമാണുള്ളത്. അതായത് കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരു ജില്ലയില്‍ മാത്രം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു. സംസ്ഥാനത്തെ മൊത്തം ഇരുപതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനുമിടയില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രമായി ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറ്റ് ക്ഷാമം കാരണം പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ മലബാറിലെ വിദ്യാര്‍ഥികളുടെ നിലവിലെ അവസ്ഥയെന്താണെന്നും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ബിരുദ ബിരുദാനന്തര മേഖലകളിലും സമാനമായ പ്രതിസന്ധി മലബാറിലുണ്ട്. പുതിയ കോളജുകളും കോഴ്‌സുകളും അധിക സീറ്റുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും അനുവദിക്കപ്പെടേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള പ്രളയവും കോവിഡി ന്റെ പ്രതിസന്ധിയുമെല്ലാം ചൂണ്ടിക്കാട്ടി ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ക്കോ വീണ്ടു വിചാരങ്ങള്‍ക്കോ മുതിരാതിരുന്നാല്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും.